അഹമ്മദാബാദ്: ഗുജറാത്ത് ഹെെക്കോടതിയിൽ നടന്ന ഓൺലെെൻ വിചാരണയ്‌ക്കിടെ അഭിഭാഷകൻ മദ്യപിച്ച സംഭവത്തിൽ നടപടി. ഭാസ്കർ തന്നയെന്ന മുതിർന്ന അഭിഭാഷകനാണ് ഓൺലെെൻ വിചാരണയ്ക്കിടെ ബിയർ കുടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഹെെക്കോടതി നടപടിയിലേക്ക് കടന്നത്.
സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച ഹെെക്കോടതി ഇനിയുള്ള കേസുകളിൽ ഓൺലെെനായി ഭാസ്കർ തന്ന ഹാജരാകുന്നതും വിലക്കി. ലജ്ജാകരമായ പ്രവർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാസ്കർ തന്നയ്ക്കെതിരെ ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആർ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസെടുത്തത്.
അഭിഭാഷകന്റെ പെരുമാറ്റം അതിരുകടന്നതാണന്നും കോടതി അഭിപ്രായപ്പെട്ടു. ജൂൺ 25ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുൻപാകെയാണ് സംഭവം നടന്നത്. വിചാരണ സമയത്ത് ബിയർ കുടിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്ന ഭാസ്കറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ നിന്ന് ഭാസ്കർ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ എസ് സുപേഹിയ പറഞ്ഞു.
ഭാസ്കർ തന്നയുടെ പ്രവൃത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാൽ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കുമെന്നും കോടതി നീരിക്ഷിച്ചു. ഭാസ്കറിന്റെ ഈ പെരുമാറ്റത്തിനെതിരെ നോട്ടീസ് അയക്കുമെന്നും കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഇതിൽ വാദം കേൾക്കും. കേസ് പരിഗണിക്കുന്നതിന് മുൻപ് റിപ്പോർട്ട് നൽകാൻ ഹെെക്കോടതി രജിസ്ട്രിയെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |