മുംബയ് : നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നിന്ന് മുൻജീവനക്കാർ പണം തട്ടിയ കേസിൽ അന്വേഷണം നടക്കുകയാണ്. ദിയ കൃഷ്ണയ്ക്കുണ്ടായതിന് സമാനമായ അനുഭവമാണ് ബോളിവുഡ് താരം ആലിയ ഭട്ടിനും സംഭവിച്ചത്. ആലിയയുടെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടിയാണ് സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായത്. ആലിയയുടെ നിർമ്മാണ കമ്പനിയിൽ നിന്നും സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും 77 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് അറസ്റ്റ്. 32കാരിയായ വേദികയെ ബംഗളുരുവിൽ നിന്നാണ് ജൂഹു പൊലീസ് അറസ്റ്റ് ചെയ്തത്.
ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയാണ് വേദിക. ആലിയയുടെ അമ്മ സോണി റസ്ദാന്റെ പരാതിയിൽ ജനുവരിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് വേദിക ഒളിവിൽ പോവുകയായിരുന്നു. വ്യാജമായി തയ്യാറാക്കിയ നിരവധി ഇൻവോയ്സുകൾ ആലിയ ഭട്ടിനെക്കൊണ്ട് ഒപ്പിടീച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2022 മേയ് മുതൽ 2024 ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. നടിയുടെ സ്വകാര്യ ഇടപാടുകളടക്കം നടത്തിയിരുന്നത് വേദികയായിരുന്നു. ക്രമക്കേട് നടത്തിയ സ്വരൂപിച്ച പണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് വേദിക മാറ്റുകയും ചെയ്തു, സുഹൃത്തിനെയും വേദികയെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |