കരുതൽ ശേഖരമില്ല, അടുത്ത വർഷം ഉൽപ്പാദനം കുറയാൻ സാദ്ധ്യത; പഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രം

Thursday 14 May 2026 12:28 PM IST

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിലെ പഞ്ചസാര ലഭ്യതയിലെ കുറവും വിലക്കയറ്റ സാദ്ധ്യതകളും പരിഗണിച്ചാണ് തീരുമാനം. സെപ്‌റ്റംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവ് വരുന്നതുവരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വിണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ ഉത്തരവിലാണ് നിർണായക തീരുമാനം.

അസംസ്‌കൃത പഞ്ചസാര, വെളുത്ത പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്കാണ് വിലക്ക് ബാധകമാകുന്നത്. ഇതോടെ നിയന്ത്രിത വിഭാഗത്തിലുണ്ടായിരുന്ന കയറ്റുമതി നയം നിരോധിത വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. മെയ് 13ന് മുൻപായി കപ്പലുകളിൽ ചരക്ക് കയറ്റിത്തുടങ്ങിയതോ കസ്റ്റംസ് അധികാരികൾക്ക് മുൻപിൽ കൈമാറിയതോ ആയ കയറ്റുമതികൾക്ക് നിരോധനം ബാധകമല്ല. മറ്റ് രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ച് അതാത് സർക്കാരുകളുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ സർക്കാർ പ്രത്യേക അനുമതി നൽകിയാൽ കയറ്റുമതി നടത്താനാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ആഭ്യന്തര ആവശ്യകത ഉയരുന്നതിനൊപ്പം കരുതൽ ശേഖരം കുറയുമെന്ന ആശങ്കയും സർക്കാർ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. 2025-26 സീസണിൽ ഇന്ത്യ ഏകദേശം 275 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ സ്റ്റോക്ക് കൂടി ചേർത്താൽ ആകെ 325 ലക്ഷം ടൺ ലഭ്യമാകും. എന്നാൽ, ആഭ്യന്തര ഉപഭോഗം 280 ലക്ഷം ടൺ വരെ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ സീസൺ അവസാനിക്കുമേപോൾ 45 ലക്ഷം ടൺ സ്റ്റോക്ക് മാത്രമാകും അവശേഷിക്കുന്നത്. ഇത് 2016-17 ന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയാണ്. കൂടാതെ എൽനിനോ പ്രതിഭാസം കാരണം അടുത്ത വർഷം മഴ കുറയാനുള്ള സാദ്ധ്യതയും പശ്ചിമേഷ്യൻ പ്രതിസന്ധിമൂലമുള്ള രാസവള ക്ഷാമസാദ്ധ്യതയും പഞ്ചസാര ഉൽപ്പാദനത്തെ ബാധിക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ.