ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ദിവസേന യാത്ര ചെയ്യുന്നത് കോടിക്കണക്കിന് ആളുകളാണ്. ഇവരില്‍ ഭൂരിഭാഗത്തിനും റെയില്‍വേയെ സംബന്ധിച്ചും ട്രെയിനുകളെ സംബന്ധിച്ചുമുള്ള പരാതി വൃത്തിയില്ലായ്മയെ കുറിച്ചായിരിക്കും. പണ്ട് കാലത്ത് ട്രാക്കുകളില്‍ മനുഷ്യവിസര്‍ജം വരെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ കമ്പാര്‍ട്‌മെന്റുകള്‍ക്കുള്ളിലെ ബയോ ടോയ്‌ലെറ്റ് സംവിധാനം ഈ പ്രശ്‌നത്തിന് വലിയ പരിഹാരമാണുണ്ടാക്കിയത്.
റെയില്‍വേ ആധുനികവത്കരണത്തിന്റെ പാതയിലാണ്, പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുക, ഒപ്പംതന്നെ നിലവിലുള്ളവയുടെ ശുചിത്വം വര്‍ദ്ധിപ്പിക്കുകയെന്നതും റെയില്‍വേയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നാണ്. ചില സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ വൃത്തിയാക്കുന്നത് യാത്രകള്‍ക്കിടയില്‍ നാം കാണാറുണ്ട്. എന്നാല്‍ പലപ്പോഴും ഉള്ളിലേക്ക് കയറിയാല്‍ ഈ ട്രെയിന്‍ ആണോ ഇവര്‍ വൃത്തിയാക്കിയത് എന്ന് തോന്നിപ്പോകും. കാര്യക്ഷമമല്ല വൃത്തിയാക്കല്‍ എന്നത് മനസ്സിലാക്കാന്‍ ഇത് ധാരാളം.
ട്രെയിനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവയുടെ ശുചിത്വത്തിന് മുന്തിയ പരിഗണനയെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. ഇപ്പോഴിതാ ട്രെയിനുകളും സ്‌റ്റേഷനുകളും വൃത്തിയാക്കുന്നതിന് ആധുനിക സംവിധാനത്തിലേക്ക് നീങ്ങുകയാണ് റെയില്‍വേ. ജീവനക്കാര്‍ ട്രെയിനുകള്‍ വൃത്തിയാക്കുന്ന കാലം അധികം വൈകാതെ അവസാനിക്കും. ഈ പണി ഇനിമുതല്‍ ഡ്രോണുകളായിരിക്കും നിര്‍വഹിക്കുക.
മനുഷ്യര്‍ക്ക് പകരം ഈ ജോലി ഡ്രോണുകള്‍ ഏറ്റെടുക്കുന്നതോടെ വൃത്തിയാക്കല്‍ കൂടുതല്‍ കാര്യക്ഷമമാകും. മാത്രവുമല്ല, ട്രെയിനുകളില്‍ കൈകൊണ്ട് വൃത്തിയാക്കുമ്പോള്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പോലും ഡ്രോണുകള്‍ കടന്നു ചെന്ന് വൃത്തിയാക്കും. സ്വച്ഛ് ഭാരത് മിഷനുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സ്വീകരിക്കുന്ന പുതിയ നടപടികള്‍ ഓട്ടോമേഷന്‍ ശക്തമാക്കുകയെന്ന ലക്ഷ്യംകൂടി ഉള്‍പ്പെടുത്തിയുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |