വിരാട് കൊഹ്‌ലി ഇല്ല, രോഹിത് ശർമ്മ ഇല്ല, ജസ്പീത് ബുംറ ഇല്ല... പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് പരിചയസമ്പത്തില്ല. കളിക്കാനിറങ്ങുന്ന എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഇന്ത്യൻ ടീം വിജയിച്ച ചരിത്രമില്ല. ആദ്യ ടെസ്റ്റിൽ അഞ്ച് സെഞ്ച്വറികൾ അടിച്ചിട്ടും തോറ്റുപോയതിനാൽ ആത്മിശ്വാസവുമില്ല... ഇങ്ങനെ ഒരുപാട് ഇല്ലായ്മകൾക്കിടയിൽ നിന്ന് നേടിയ വല്ലാത്തൊരു വിജയമായിരുന്നു ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടേത്.
ആദ്യ ടെസ്റ്റിലെ തോൽവിയോടെ പലരും എഴുതിതള്ളിയേടത്തുനിന്നാണ് ടെസ്റ്റ് ക്രിക്കറ്റിലെ റൺമാർജിനിലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമായി എഡ്ജ്ബാസ്റ്റൺ പോലെ ഒരിക്കലും വിജയിച്ചിട്ടില്ലാത്ത ഒരു പതാളത്തിൽ നിന്ന് ഇന്ത്യ ഉയിർത്തെണീറ്റത്. ടീം സെലക്ഷനിലുൾപ്പടെ വലിയ വിമർശനങ്ങളാണ് ലീഡ്സിലെ തോൽവിക്ക് ശേഷം ഉയർന്നത്. ആദ്യടെസ്റ്റിൽ അവസാന ദിവസം കയ്യിലിരുന്ന ജയം കൊണ്ടുകളയുകയായിരുന്നു. വിമർശനങ്ങൾക്കൊപ്പം ഉപദേശങ്ങളും ധാരാളമായി ലഭിച്ചെങ്കിലും തന്റെതന്നെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന ഗംഭീറിന്റെ മുഖത്തായിരുന്നു എഡ്ജ്ബാസ്റ്റണിലെ അവസാന പുഞ്ചിരി.
ആ മത്സരത്തിൽ അൽപ്പമെങ്കിലും നന്നായി പന്തെറിഞ്ഞ ബുംറയ്ക്ക് വിശ്രമം നൽകാനുള്ള തീരുമാനത്തിൽ ഒരു മാറ്റവും വരുത്താതെ വലിയ വെല്ലുവിളിയാണ് കോച്ച് ഗംഭീർ ഏറ്റെടുത്തത്. പകരം അവസരം നൽകിയ ആകാശ്ദീപും സിറാജും ലഭിച്ച അവസരം നന്നായി ഉപയോഗപ്പെടുത്തി. കുൽദീപിനെ എടുക്കണമെന്ന് പലരും മുറവിളി കൂട്ടി. എന്നാൽ പേസ് ആൾറൗണ്ടർ നിതീഷിലും സ്പിൻ ആൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിലും പ്രതീക്ഷയർപ്പിച്ച ഗംഭീറും ഗില്ലും രവീന്ദ്ര ജഡേജയെ നിലനിറുത്തുകയും ചെയ്തു.ജഡേജയും സുന്ദറും മാന്യമായി കളിച്ചു. നിതീഷ് കുമാർ റെഡ്ഡി മാത്രമാണ് നിരാശപ്പെടുത്തിയത്.
നാലാം ദിവസം ഡിക്ളയർ ചെയ്യാൻ വൈകിച്ചതിന്റെ പേരിലും വിമർശനം ഉയർന്നിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിലേതുപോലെ ഇംഗ്ളീഷുകാർ ചേസ് ചെയ്ത് ജയിക്കാതിരിക്കാൻ പരമാവധി സ്കോർ ഉയർത്തുകയായിരുന്നു. അവസാനദിവസം മഴയുണ്ടാകുമെന്ന് പ്രവചനമുണ്ടായിട്ടും നാലാം ദിനം ഡിക്ളയർ ചെയ്യാൻ ഇന്ത്യ തയ്യാറായില്ല. മഴ തുടക്കത്തിൽ പെയ്തപ്പോൾ വിജയിക്കാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ വിജയതൃഷ്ണയ്ക്ക് മുന്നിൽ മഴയും മാറിനിന്നു.
ഇവർ വിജയശിൽപ്പികൾ
ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറിയും (269) രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയും(161) നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ അവിസ്മരണീയ പ്രകടനമാണ് എഡ്ജ്ബാസ്റ്റണിലെ ഇന്ത്യൻ പ്രകടനത്തിന് അടിത്തറയായത്.
ഗില്ലിനൊപ്പം യശസ്വി ജയ്സ്വാളും (87), രവീന്ദ്ര ജഡേജയും (89), വാഷിംഗ്ടൺ സുന്ദറും (42)കരുൺ നായരും (31), റിഷഭ് പന്തും (25) തിളങ്ങിയപ്പോൾ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 587 റൺസ് എന്ന ഈ ഗ്രൗണ്ടിലെ തങ്ങളുടെ റെക്കാഡ് സ്കോറിലെത്തി.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒരു ഘട്ടത്തിൽ 84/5എന്ന നിലയിൽ പതറിയെങ്കിലും ആറാം വിക്കറ്റിൽ 303 റൺസ് കൂട്ടിച്ചേർത്ത ജാമീ സ്മിത്തും (184*) ഹാരി ബ്രൂക്ക്സും (158) ചേർന്ന് 407വരെ എത്തിച്ചു. സിറാജ് ആറുവിക്കറ്റ് വീഴ്ത്തി.
180 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഗിൽ, കെ.എൽ രാഹുൽ(55), റിഷഭ് പന്ത് (65), ജഡേജ (69*)എന്നിവരുടെ അതിവേഗ സ്കോറിംഗിന്റെ ബലത്തിൽ 427/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു.
608 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 271ലൊതുക്കിയത് 99 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ആകാശ്ദീപ് സിംഗാണ്.
336
റൺസ് മാർജിനിൽ ഒരു ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് എഡ്ജ് ബാസ്റ്റണിൽ നേടിയത്. 2019ൽ വെസ്റ്റ് ഇൻഡീസിനെതിരെ നോർത്ത്സൗണ്ടിൽ നേടിയ 318 റൺസിന്റെ മാർജിനാണ് മറികടന്നത്.
ഇനി ലോഡ്സിൽ
ഇന്ത്യയും ഇംഗ്ളണ്ടുമായുള്ള മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ലോഡ്സിലാണ് തുടങ്ങുന്നത്.അഞ്ചുമത്സര പരമ്പര 1-1ന് സമനിലയിലാണ്. എഡ്ജ്ബാസ്റ്റണിലെ ആവേശം നിലനിറുത്താനാണ് ലോഡ്സിലും ഇന്ത്യ ശ്രമിക്കുക. ലോഡ്സിൽ ബുംറ തിരിച്ചെത്തിയേക്കും.
ഒരുപാട് റൺസും ചരിത്രവിജയവുമൊക്കെ നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ പഴയ പ്രൗഡി നഷ്ടപ്പെടുന്നോ എന്ന് സംശയമുണ്ട്. ഈ പരമ്പരയിൽ ഉപയോഗിക്കുന്ന ഡ്യൂക്സ് പന്തുകളും ഫ്ളാറ്റായ പിച്ചുകളും ബൗളർമാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
- ശുഭ്മാൻ ഗിൽ , ഇന്ത്യൻ ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |