പാരീസ് എസ്.ജി Vs റയൽ മാഡ്രിഡ്
രാത്രി 12.30 മുതൽ
മുൻ ക്ളബിനെതിരെ എംബാപ്പെ
ന്യൂജഴ്സി : അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ന് യൂറോപ്യൻ വമ്പന്മാരായ പാരീസ് എസ്.ജിയുടേയും റയൽ മാഡ്രിഡിന്റേയും കൊമ്പുകോർക്കൽ. നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാണ് പാരീസ്. റയലാകട്ടെ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളും. മൂന്നുവർഷത്തിന് ശേഷമാണ് റയൽ മാഡ്രിഡും പാരീസും കളത്തിൽ ഏറ്റുമുട്ടുന്നത്.
റയലിന്റെ ഇപ്പോഴത്തെ സൂപ്പർ താരം കിലിയൻ എംബാപ്പെ തന്റെ പഴയ ക്ളബിനെതിരെ കളിക്കാൻ ഇറങ്ങുന്നു എന്നതാണ് ഈ സെമിയുടെ കൗതുകം. 2022 മാർച്ചിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലാണ് ഇതിനുമുമ്പ് റയലും പി.എസ്.ജിയും ഏറ്റുമുട്ടിയത്. അന്ന് എംബാപ്പെ പാരീസിന്റെ കുപ്പായത്തിലായിരുന്നു. ആദ്യ പാദത്തിൽ പി.എസ്.ജി 1-0ത്തിന് ജയിച്ചപ്പോൾ രണ്ടാം പാദത്തിൽ റയൽ 3-1ന് ജയിച്ച് ക്വാർട്ടറിലേക്ക് കടന്നിരുന്നു.
എംബാപ്പെയ്ക്കൊപ്പം വിനീഷ്യസ് ജൂനിയർ,ഗോൺസാലോ ഗാർഷ്യ, ജൂഡ് ബെല്ലിംഗ്ഹാം, ആന്ദ്രേ ഗ്യൂലേർ, ഫ്രെഡറിക് വൽവെർദേ, ടുഹാമേയ്നി,അന്റോണിയോ റൂഡിഗർ,ട്രെന്റ് അലക്സാണ്ടർ അർനോൾഡ് തുടങ്ങിയ മികച്ച താരങ്ങളാണ് റയൽ നിരയിലുള്ളത്. തിബോ കുർട്ടോയ്സാണ് വലകാക്കുന്നത്. ഇന്റർ മിലാനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയ പാരീസ് അടുത്ത കിരീടം ലക്ഷ്യമിട്ടാണ് അമേരിക്കയിലെത്തിയിരിക്കുന്നത്. കൗമാരതാരം ദിസിയേ ദുവേ, വരാട്ട്സ്കേലിയ, വിറ്റീഞ്ഞ,യാവോ നെവസ്,ഒസ്മാനേ ഡെംബലെ,മാർക്വിഞ്ഞോസ്, അഷ്റഫ് ഹക്കീമി തുടങ്ങിയവരാണ് പാരീസിന്റെ പടക്കുതിരകൾ. ഇറ്റാലിയൻ ഗോളി ജിയാൻലൂഗി ഡോണറുമ്മയാണ് വലയ്ക്ക് താഴെയുള്ളത്.
സെമിയിലേക്കുള്ള വഴി
പാരീസ് എസ്.ജി
1. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കുകയും ഒന്നിൽ തോൽക്കുകയും ചെയ്ത് ബി ഗ്രൂപ്പിലെ രണ്ടാമന്മാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്.
2. ആദ്യ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-0ത്തിന് തോൽപ്പിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ബോട്ടഫോഗോ യോട് ഏകപക്ഷീയമായ ഏകഗോളിന് തോറ്റു. തുടർന്ന് സിയാറ്റിൽ സൗണ്ടേഴ്സിനെ 2-0ത്തിന് തോൽപ്പിച്ചു.
3. പ്രീ ക്വാർട്ടറിൽ തങ്ങളുടെ മുൻ താരം ലയണൽ മെസിയുടെ ഇന്റർ മയാമിയെ കീഴടക്കിയത് 4-0ത്തിന്.
4. ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ മറികടന്നു.
റയൽ മാഡ്രിഡ്
1. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കുകയും ഒന്നിൽ സമനിലപിടിക്കുകയും ചെയ്ത് എച്ച് ഗ്രൂപ്പിലെ ഒന്നാമന്മാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്.
2. ആദ്യ മത്സരത്തിൽ സൗദി ക്ളബ് അൽഹിലാലിനോട് 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.തുടർന്ന് പച്ചുകയെ 3-1നും സാൽസ്ബർഗിനെ 3-0ത്തിനും തോൽപ്പിച്ചു.
3. പ്രീ ക്വാർട്ടറിൽ കീഴടക്കിയത് ഇറ്റാലിയൻ ക്ളബ് യുവന്റസിനെ. ഏകപക്ഷീയമായ ഏകഗോളിനായിരുന്നു ജയം.
4. ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 3-2ന് മറികടന്ന് സെമിയിലേക്ക് ടിക്കറ്റെടുത്തു.
11-6-3-2
റയലും പി.എസ്.ജിയും തമ്മിൽ ഇതുവരെ 11 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ആറുജയം നേടാൻ റയലിനായി. മൂന്നുകളി പാരീസ് ജയിച്ചു. രണ്ട് സമനിലകൾ.
5
തവണ ക്ളബ് ലോകകപ്പ് ജേതാക്കളായവരാണ് റയൽ മാഡ്രിഡ്. പി.എസ്.ജി ഇതുവരെയും കിരീടം നേടിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |