വാഷിംഗ്‌ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജപ്പാനും സൗത്ത് കൊറിയയും അടക്കമുള്ള പതിനാല് രാജ്യങ്ങൾക്കെതിരെ തീരുവ കൂട്ടുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു എന്ന സൂചന ട്രംപ് നൽകുന്നത്.
'ഞങ്ങൾ യുകെയുമായി കരാർ ഉണ്ടാക്കി, ചൈനയുമായി കരാർ ഉണ്ടാക്കി. ഇന്ത്യയുമായി കരാർ ഉണ്ടാക്കുന്നതിന് അടുത്താണ് . നേരത്തേ ചർച്ച നടത്തിയ ചില രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ അവർക്ക് ഞങ്ങൾ കത്ത് അയച്ചിട്ടുണ്ട്'.-ട്രംപ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് ജപ്പാനും സൗത്ത് കൊറിയയും ബംഗ്ലാദേശും അടക്കമുള്ള പതിനാല് രാജ്യങ്ങൾക്ക് ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് വ്യക്തമാക്കുന്ന കത്ത് ട്രംപ് പുറത്തുവിട്ടത്. അടുത്തമാസം മുതൽ ഈ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ വരും എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. തീരുവ ഏർപ്പെടുത്താൻ കൂടുതൽ സമയം വേണ്ടതുണ്ടെന്ന് ആ രാജ്യങ്ങൾ അറിയിച്ചാൽ സമയം നീട്ടിനൽകുന്നത് പരിഗണിക്കും. ഞങ്ങൾ ഇതിൽ ഒരുതരത്തിലുള്ള അനീതിയും കാണിക്കില്ല എന്നും ട്രംപ് പറഞ്ഞിരുന്നു.
ദക്ഷിണ കൊറിയയ്ക്കും ജപ്പാനും 25ശതമാനവും മ്യാൻമറിനും ലാവോസിനും 40 ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് മുപ്പതുശതമാനവും കസാഖിസ്ഥാൻ, മലേഷ്യ, ടുണീഷ്യ എന്നീ രാജ്യങ്ങൾക്ക് 25ശതമാനവുമാണ് തീരുവ ഈടാക്കുന്നത്. ഇന്തോനേഷ്യയ്ക്ക് 32ശതമാനവും ബോസ്നിയ, ഹെർസഗോവിന എന്നിവയ്ക്ക് 30ശതമാനുവം ബംഗ്ലാദേശിനും സെർബിയയ്ക്കും 35ശതമാനവും താരിഫ് ചുമത്തും. ഇതിനൊപ്പം കംബോഡിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്ക് 36 ശതമാനം തീരുവ ആയിരിക്കും ചുമത്തുക എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ബ്രിക്‌സ് സഖ്യത്തിലെ അമേരിക്കൻ വിരുദ്ധ നയങ്ങൾ പിന്തുടരുന്നു എന്ന് ആരോപണമുള്ള രാജ്യങ്ങൾക്ക് അധികമായി പത്തുശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് നേരത്തേ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ നിന്ന് ഒരു പിന്നാക്കം പോകൽ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ അമേരിക്ക ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |