ന്യൂ ഡൽഹി : ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) പരിസരത്തെ വായു മലിനീകരണത്തിന് കാരണമാകുന്ന വിഷയങ്ങൾ പഠിച്ച് പരിഹാരങ്ങളും ശുപാർശകളും സമർപ്പിക്കാൻ എഴംഗ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ചു. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് എ.കെ.ഗോയൽ, ജുഡീഷ്യൽ അംഗം സുധീർ അഗർവാൾ, വിദദ്ധ അംഗം ഡോ. എ. സെന്തിൽ വേൽ എന്നിവരടങ്ങിയ പ്രിൻസിപ്പൽ ബെഞ്ചിന്റേതാണ് നടപടി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെ മെമ്പർ സെക്രട്ടറിയാണ് സമിതി അദ്ധ്യക്ഷൻ. ഡൽഹി ട്രാഫിക് ഡി.സി.പി, ജില്ലാ ഫോറസ്‌റ്റ് ഓഫീസർ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ, ഡൽഹി മലിനീകരണ നിയന്ത്രണ സമിതി, എയിംസ് ഡയറക്‌ടർ അല്ലെങ്കിൽ ഡയറക്‌ടർ ശുപാർശ ചെയ്യുന്ന പ്രതിനിധി, തൊട്ടടുത്ത വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർജംഗ് ആശുപത്രിയുടെ പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങൾ. കൂടുതൽ വിദഗ്ദ്ധരുടെ ആവശ്യമുണ്ടെങ്കിൽ സമിതിക്ക് ഉൾപ്പെടുത്താവുന്നതാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
എയിംസ് മേഖലയിലെ മലിനീകരണം തടയുന്നതിൽ ഭരണപരമായ വീഴ്‌ച സംഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗൗരവ് ശർമ എന്ന വ്യക്തിയാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |