ന്യൂഡൽഹി: മകനുമായി റഷ്യൻ യുവതി രാജ്യം വിട്ട സംഭവത്തിൽ ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡൽഹി പൊലീസിന്റെ കുറ്രകരമായ അനാസ്ഥയാണ് ഇതിനുകാരണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പൊലീസ് കൃത്യസമയത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ തടയാനാകുമായിരുന്നു. അവരെ കണ്ടെത്തുന്നതിന് മോസ്‌കോയിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. ഇന്റർപോളിന്റെയടക്കം സഹായം തേടാവുന്നതാണ്. അവരെ നേരിട്ടു ഹാജരാക്കണമെന്ന തങ്ങളുടെ ഉത്തരവ് നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ അടുത്തതവണ അറിയിക്കണം. പത്ത് ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേപ്പാൾ അതിർത്തി വഴി രാജ്യം വിട്ടെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മകനെയും കൊണ്ട് റഷ്യൻ ഭാര്യ കടന്നുകളഞ്ഞെന്ന ഇന്ത്യക്കാരനായ ഭർത്താവ് സൈകത് ബസുവിന്റെ ഹർജിയിലാണ് സുപ്രീംകോടതി തിരച്ചിലിന് ഉത്തരവിട്ടിരുന്നത്. റഷ്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥനുമായി ഭാര്യയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. ജൂലായ് 4ന് ഡൽഹിയിലെ റഷ്യൻ എംബസി ഓഫീസിന്റെ പിൻവാതിലിൽ കൂടി യുവതിയും കുട്ടിയും കയറിപോയെന്നും ഭർത്താവ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |