ന്യൂഡൽഹി: ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികൾ. ഓൾ ഇന്ത്യ സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള 'സോഷ്യൽ ജസ്റ്റിസ്, ദ റോഡ് എഹെഡ്" എന്ന പരിപാടിയിൽ സംസാരിച്ച പ്രതിപക്ഷ നേതാക്കൾ ജാതി സെൻസസിന് പിന്തുണ നൽകി. ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ സ്ഥാപിച്ച ഓൾ ഇന്ത്യ സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ പരിപാടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഇതര കക്ഷികളുടെ കൂട്ടായ്‌മ രൂപീകരിക്കുന്നതിനുള്ള ആദ്യ പടിയായും വിലയിരുത്തപ്പെടുന്നു. സ്റ്റാലിൻ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.
സാമൂഹിക നീതി വിഷയമാണ് പരിപാടി ഉയർത്തുന്നതെന്ന് ഡി.എം.കെ നേതാക്കൾ വിശദീകരിച്ചെങ്കിലും തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ൻ അടക്കം പ്രതിപക്ഷ നേതാക്കൾ യോഗത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യവും ഉയർത്തിക്കാട്ടി. പരിപാടി രാഷ്ട്രീയ വേദിയാണെന്ന് കരുതണമെന്നും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും അണി ചേരണമെന്നും ഒബ്രെയ്‌ൻ അഭ്യർത്ഥിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ചിലർ മാറിനിൽക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജമ്മുകാശ്‌മീർ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, എം.ഡി.എം.കെ നേതാവ് രാമദാസ് തുടങ്ങിയവർ നേരിട്ടും ഒാൺലൈനായും പങ്കെടുത്തു.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനും തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവ് ചന്ദ്രശേഖര റാവു, എൻ.സി.പി നേതാവ് ശരദ് പവാർ തുടങ്ങിയവർ പ്രതിനിധികളെയാണ് അയച്ചത്. പശ‌്‌ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയുടെ പ്രതിനിധിയായാണ് ഡെറിക് ഒബ്രെയ്‌ൻ പങ്കെടുത്തത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയ വിഷയത്തിൽ പ്രതിപക്ഷ പാർലമെന്റിലും പുറത്തും ഒന്നിച്ചതിന് ശേഷം നടത്തുന്ന ആദ്യ പരിപാടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |