
ന്യൂഡൽഹി: എലിശല്യം തീർക്കാൻ പട്ടിക്കാവുമോ? അതിന് കൂടുതൽ പൂച്ചകളെ വർത്താമെന്ന് മൃഗസ്നേഹികളോട് സുപ്രീംകോടതി. തെരുവുനായ പ്രശ്നത്തിൽ സ്വമേധയായെടുത്ത കേസിലെ വാദത്തിനിടെയാണ് സരസമായ അഭിപ്രായപ്രകടനം. ഡൽഹിയിൽ എലിശല്യം കുറയ്‌ക്കാൻ തെരുവുനായ്‌ക്കൾ സഹായിക്കുന്നുണ്ട്. അവറ്റകളെ പെട്ടെന്ന് ഇല്ലാതാക്കുന്നത് പ്രശ്നമാകുമെന്ന് മൃഗസ്നേഹികൾക്കായി അഭിഭാഷകൻ സി.യു. സിംഗ് ചൂണ്ടിക്കാട്ടിയപ്പോൾ ജസ്റ്റിസ് മേത്തയാണ് വിയോജിച്ചത്. നായ‌്‌ക്കളും എലികളും തമ്മിൽ എന്തു ബന്ധം. എലികളോട് ശത്രുത പൂച്ചയ്ക്കല്ലേ. അപ്പോൾ പൂച്ച വളർത്തലല്ലേ പ്രോത്സാഹിപ്പിക്കേണ്ടതെന്ന് കോടതി ചോദിച്ചു. തെരുവുനായ്‌ക്കളെ വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്ത് വിടുന്നത് പ്രായോഗമികമല്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നായ്‌ക്കൾ ആശുപത്രി വാർഡിലും രോഗികളുടെ ബെഡിന് സമീപവും അലഞ്ഞു തിരിയുന്നത് കാണുന്നില്ലേയെന്നും ചോദിച്ചു.
പൊതുസ്ഥലങ്ങളിൽ നായ്‌ക്കൾക്ക് ഭക്ഷണം നൽകുന്നതാണ് പ്രശ്‌നമെന്ന് മറ്റൊരു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വന്ധ്യംകരിച്ച നായ്ക്കളെയും മുമ്പ് ആരെയെങ്കിലും കടിച്ച നായ്ക്കളെയും ട്രാക്ക് ചെയ്യാൻ മൈക്രോ ചിപ്പിംഗ് സഹായിക്കുമെന്ന് അഭിഭാഷകൻ നകുൽ ദിവാൻ നിർദ്ദേശിച്ചു. കേസിൽ ഇന്നും വാദം തുടരും.
ഹർജി നിയന്ത്രിച്ചില്ലെങ്കിൽ
പന്തൽ വേണ്ടിവന്നേനെ
കേസിൽ കക്ഷി ചേരാൻ നായ പ്രേമികൾക്കും എൻ.ജി.ഒകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിൽ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ആശങ്ക രേഖപ്പെടുത്തി. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അപ്പോൾ വാദം കേൾക്കാൻ പന്തൽ കെട്ടേണ്ടി വന്നേനെയെന്ന് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. എ.ബി.സി നിയമങ്ങൾ നടപ്പാക്കാൻ 26,800 കോടി രൂപ ചെലവാകുമെന്നും 91,800 പുതിയ ഷെൽട്ടറുകൾ നിർമ്മിക്കേണ്ടിവരുമെന്നും മൃഗസ്നേഹികൾക്ക് വേണ്ടി കൃഷ‌്ണൻ വേണുഗോപാൽ ചൂണ്ടിക്കാട്ടി. പിടിക്കുന്ന നായ്‌ക്കളെ പാർപ്പിക്കാൻ മതിയായ ഷെൽട്ടറുകളില്ലെന്ന് മുതിർന്ന അഭിഭാഷകൻ ധ്രുവ് മേത്ത വാദിച്ചു.
ഭയമുള്ളവരെ നായ കടിക്കാൻ സാദ്ധ്യത കൂടുതലാണ്. മുമ്പ് കടിച്ചയാളെ നായ്ക്കൾ വീണ്ടും ആക്രമിക്കാം. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്
- ജസ്റ്റിസ് വിക്രം നാഥ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |