
വാഷിംഗ്‌ടൺ: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ അനുമതി നൽകുന്ന ഉപരോധ ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. റഷ്യ സാംഗ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്‌സി ഗ്രഹാം ആണ് എക്സിലൂടെ വെളിപ്പെടുത്തിയത്. ഉപരോധങ്ങൾ വകവയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ താരിഫ് നിർദേശിക്കുന്നതാണ് ബില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇറക്കുമതി തീരുവകളിൽ വൻ വർദ്ധനവുണ്ടാകാനാണ് സാദ്ധ്യത.
അടുത്ത ആഴ്ച തന്നെ ഈ ബിൽ വോട്ടിംഗിന് വരാൻ സാദ്ധ്യതയുണ്ടെന്നും ലിൻഡ്സി ഗ്രഹാം വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പ്രേരിപ്പിക്കുകയെന്നതാണ് യുഎസ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. എണ്ണയ്ക്ക് പുറമേ റഷ്യയിൽ നിന്ന് യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഈ തീരുവ ബാധകമായിരിക്കും.
റഷ്യയിൽ നിന്ന് ചൈനകഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഈ ബന്ധം ഇതിനകം തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം പരസ്പര താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതോടെ ചില ഉൽപ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനമായി ഉയർന്നിരുന്നു.
അതേസമയം, റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയും കടുത്ത നടപടികൾ നേരിടുകയാണ്. ഇതിനകം തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിക്കഴിഞ്ഞു. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ 125 ശതമാനം നികുതിയാണ് ചൈന ചുമത്തിയിട്ടുള്ളത്.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് അടുത്തിടെ സൂചന നൽകിയിരുന്നു. വെനസ്വേലയിൽ വ്യോമാക്രമണം നടത്തി തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ മുന്നറിയിപ്പെത്തിയത്. താൻ സന്തുഷ്ടനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്നും എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു. എയർഫോഴ്സ് വണിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |