
ആഷസ് ക്രിക്കറ്റ് കിരീടം വീണ്ടും ഓസ്ട്രേലിയയ്ക്ക്
അഞ്ചാം ടെസ്റ്റിൽ അഞ്ചുവിക്കറ്റിനും പരമ്പരയിൽ 4-1നും ജയം
സിഡ്നി : ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ അഞ്ചുവിക്കറ്റ് വിജയം നേടിയ ഓസ്ട്രേലിയ ഇത്തവണത്തെ ആഷസ് പരമ്പര 4-1ന് സ്വന്തമാക്കി. തുടർച്ചായ അഞ്ചാം തവണയാണ് ഓസ്ട്രേലിയൻ ടീം ആഷസ് കിരീടമുയർത്തുന്നത്. പെർത്ത്, ബ്രിസ്ബേൻ,അഡ്‌ലെയ്ഡ് എന്നിവിടങ്ങളിൽ നടന്ന ആദ്യമൂന്ന് ടെസ്റ്റുകളിൽ ജയിച്ചപ്പോൾ തന്നെ ഓസീസ് കിരീടമുറപ്പാക്കിയിരുന്നു. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ജയിച്ച് ഇംഗ്ളണ്ട് തിരികെയെത്താൻ ശ്രമിച്ചെങ്കിലും സിഡ്നിയിൽ ആതിഥേയർ തങ്ങളുടെ ആധിപത്യം വീണ്ടും ഉൗട്ടിയുറപ്പിച്ചു.
സിഡ്നിയിൽ ആദ്യഇന്നിംഗ്സിൽ ജോ റൂട്ടിന്റെ (160) സെഞ്ച്വറി മികവിൽ ഇംഗ്ളണ്ട് 384 റൺസടിച്ചപ്പോൾ ട്രാവിസ് ഹെഡും (163), സ്മിത്തും (138) ചേർന്ന് ഓസീസിനെ 567ലെത്തിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 342ന് ആൾഔട്ടായി. 154 റൺസടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ളണ്ടിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. അഞ്ചാം ദിവസമായ ഇന്നലെ 160 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് അഞ്ചുവിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ആദ്യ ഇന്നിംഗ്സിൽ 163 റൺസും രണ്ടാം ഇന്നിംഗ്സിൽ 29 റൺസും നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡാണ് പ്ളേയർ ഒഫ് ദ മാച്ച്. പരമ്പരയിലാകെ 31 വിക്കറ്റുകളും 156 റൺസും നേടിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പ്ളേയർ ഒഫ് ദ സിരീസായി.
പാഡഴിച്ച് ഖ്വാജ
ഓസ്ട്രേലിയൻ വെറ്ററൻ ബാറ്റർ ഉസ്മാൻ ഖ്വാജയുടെ അവസാന ടെസ്റ്റായിരുന്നു ഇത്. തന്റെ പ്രിയ വേദിയായ സിഡ്നിയിൽ പക്ഷേ അവസാന ഇന്നിംഗ്സുകൾ മികവുറ്റതാക്കാൻ ഖ്വാജയ്ക്ക് കഴിഞ്ഞില്ല. ആദ്യ ഇന്നിംഗ്സിൽ 17 റൺസും രണ്ടാം ഇന്നിംഗ്സിൽ 6 റൺസുമാണ് ഖ്വാജ നേടിയത്. ഫീൽഡിംഗിൽ അവസാന സെഷനിൽ ഓസീസിനെ നയിച്ചിറങ്ങിയത് ഖ്വാജയാണ്. അവസാന ഇന്നിംഗ്സ് ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ ഇംഗ്ളണ്ട് താരങ്ങൾ ഗാർഡ് ഒഫ് ഓണർ നൽകി. ഔട്ടായി മടങ്ങുംവഴി ഖ്വാജ ഗ്രൗണ്ടിൽ ശിരസ് ചേർത്ത് നമസ്കരിക്കുകയും ചെയ്തു. പാക് വംശജനായ ഖ്വാജ 88 ടെസ്റ്റുകളിൽ നിന്ന് 16 സെഞ്ച്വറികളും 28 അർദ്ധസെഞ്ച്വറികളും അടക്കം 6229 റൺസ് നേടിയാണ് ടെസ്റ്റ് കരിയറിന് വിരാമമിട്ടത്.
ആഷസ് സ്റ്റാറ്റ്സ്
35
ഓസ്ട്രേലിയ സ്വന്തമാക്കിയ ആഷസ് പരമ്പരകളുടെ എണ്ണം. ആറ് തവണ പരമ്പര സമനിലയിലായപ്പോൾ നിലവിലെ ജേതാക്കൾ എന്ന നിലയിൽ കിരീടം നിലനിറുത്തുകയും ചെയ്തിട്ടുണ്ട്. 32 തവണ ഇംഗ്ളണ്ട് ജേതാക്കളാവുകയും ഒരുതവണ കിരീടം നിലനിറുത്തുകയും ചെയ്തു.
31
വിക്കറ്റുകളാണ് മിച്ചൽ സ്റ്റാർക്ക് ഈ ആഷസിൽ നേടിയത്. 2013-14ലെ ആഷസിൽ മിച്ചൽ ജോൺസൺ 37 വിക്കറ്റുകൾ നേടിയ ശേഷം ആദ്യമായാണ് ഒരു ബൗളർ ഒരു ആഷസിൽ 30ലേറെ വിക്കറ്റുകൾ നേടുന്നത്.
433
ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളർ എന്ന ലങ്കൻ സ്പിന്നർ രംഗണ ഹെറാത്തിന്റെ റെക്കാഡിനൊപ്പം സ്റ്റാർക്കുമെത്തി.
629
റൺസാണ് ട്രാവിസ് ഹെഡ് ഈ പരമ്പരയിൽ നേടിയത്. 2019ൽ സ്റ്റീവൻ സ്മിത്തിന് ശേഷം ഒരു ആഷസിൽ 600 റൺസിലേറെ നേടുന്ന ആദ്യ ബാറ്റർ.
16
ടെസ്റ്റുകളിലാണ് ഇംഗ്ളണ്ട് താരം ജോ റൂട്ട് ഓസ്ട്രേലിയൻ മണ്ണിൽ തോൽവി അറിഞ്ഞത്. ഒരു ടീമിനെതിരെ എവേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തോൽവി അറിയുന്ന താരമായി റൂട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |