
ഡെന്മാർക്കിന്റെ ദേശീയ തപാൽ സേവനമായ 'പോസ്റ്റ്‌നോർഡ്' 2025 ഡിസംബർ 30ന് സർവീസ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഔദ്യോഗികമായി കത്തുകൾ വിതരണം ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണ്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. ഡിംസബർ 31 മുതൽ ഡെന്മാർക്ക് അന്താരാഷ്ട്ര തപാൽ സേവനങ്ങളും നിർത്തലാക്കി. ആശയവിനിമയ രീതികളിൽ ഉടലെടുത്ത മാറ്റം കാരണമാണ് ഡെൻമാർക്ക് ഭരണകൂടം ഇങ്ങനെയൊരു തീരുമാനമെടുത്തത്.
രാജ്യത്തെ പൗരന്മാർ പൂർണമായും, ഇമെയിൽ, സ്മാർട്ട്‌ഫോൺ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. 90 ശതമാനം പേരും ആശയവിനിമയത്തിന് ഇത്തരം സേവനങ്ങളാണ് ആശ്രയിക്കുന്നത്. 2000ന്റെ തുടക്കം മുതൽ ഡെൻമാർക്കിൽ കത്തുകളുടെ വിതരണം 90 ശതമാനത്തോളം കുറഞ്ഞെന്നാണ് കണക്ക്. കെെകൊണ്ട് കത്ത് എഴുതുന്നവർ വലിയ തോതിൽ കുറഞ്ഞു. ഇതോടെ പരമ്പരാഗതമായി നിലനിന്നിരുന്ന തപാൽ മാതൃകയുടെ പ്രവർത്തനം സുസ്ഥിരമല്ലാതെയായി.
അവസാനിക്കുന്നത് ലെറ്റർ യുഗം
കത്തുകളുടെ സേവനം പൂർണമായും ഒഴിവാക്കിയതോടെ പോസ്റ്റ്‌നോർഡ് ഇനി പാഴ്സൽ ഡെലിവറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്സ് മേഖലയെ ലക്ഷ്യം വച്ചാണ് ഈ നീക്കം. കത്തുകൾ നിർത്തലാക്കിയതോടെ രാജ്യത്ത് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 1500 മേയിൽബോക്സുകൾ നീക്കം ചെയ്തു. പുതിയ പരിഷ്‌കരണത്തെത്തുടർന്ന് 4600ഓളം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. പുതിയ തീരുമാനം ഡെന്മാർക്കിന്റെ 200 വർഷം പഴക്കമുള്ള ആധുനിക തപാൽ സേവനത്തിലെ ഒരു സുപ്രധാന അധ്യായത്തിന് അന്ത്യം കുറിക്കുന്നത്.
ഡെന്മാർക്കിന്റെ തീരുമാനത്തിന് പിന്നിൽ?
ഡിജിറ്റൽ സാങ്കേതികവിദ്യ വളർന്നതോടെ ഡെന്മാർക്കിന്റെ പോസ്റ്റൽ വരുമാനം കുത്തനെ താഴ്ന്നു. കത്തുകളുടെ കുറവ് കാരണം വിതരണം ചെയ്യൽ സംവിധാനത്തിന്റെ ചെലവ് വരുമാനത്തേക്കാൾ കൂടുതലാകുന്നു. ഈ പ്രശ്നം ഡെന്മാർക്ക് മാത്രം നേരിടുന്ന ഒന്നല്ല. ലോകത്തെ പല പൊതുതപാൽ സേവനങ്ങളും ഇങ്ങനെ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടുത്തതായി ഏത് രാജ്യം ഇതുപോലൊരു തീരുമാനമെടുക്കുമെന്നതാണ് കണ്ടറിയേണ്ടത്. ചില രാജ്യങ്ങൾ കത്ത് വിതരണം ചെയ്യുന്നതിൽ ചില നിയന്ത്രണം നടപ്പിലാക്കിയെന്നും റിപ്പോർട്ടുണ്ട്.
സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ കത്തുകൾ എത്തിക്കുന്നുള്ളൂ. ഫിൻലാൻഡിൽ, ഡിജിറ്റൽ മെയിൽബോക്സുകളുടെ ദ്രുതഗതിയിലുള്ള സ്വീകാര്യത കാരണം പരമ്പരാഗത തപാൽ സേവനങ്ങളെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടു.
കാനഡയിലും യുഎസിലും തപാൽ പ്രതിസന്ധി
കാനഡ പോസ്റ്റ് വർഷങ്ങളായി സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ വീടുതോറും എത്തിക്കുന്നതിനു പകരം കത്തുകൾ ശേഖരിക്കുന്ന 'കമ്മ്യൂണിറ്റി മെയിൽബോക്സ്' മാതൃകയാണ് രാജ്യം പിന്തുടരുന്നത്. ഭാവിയിൽ, കാനഡയുടെ സർക്കാർ തപാൽ സേവനം പാഴ്സലുകളിലും ബിസിനസ് മെയിലുകളിലും മാത്രമായി പരിമിതപ്പെടുത്തിയേക്കാം.
ലോകത്തിലെ ഏറ്റവും വലിയ തപാൽ സേവനത്തിന്റെ ആസ്ഥാനമായ അമേരിക്കയിൽ പോലും തപാൽ വരുമാനത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നു. 2006 നെ അപേക്ഷിച്ച്, 2024 ആയപ്പോഴേക്കും യുഎസിലെ കത്തുകളുടെ അളവ് 50 ശതമാനം കുറഞ്ഞു.
ഇന്ത്യ പറയുന്നത് വ്യത്യസ്തമായ കഥ
ഡെന്മാർക്കിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും തപാൽ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തുമ്പോൾ ഇന്ത്യയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. കത്തുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ലോജിസ്റ്റിക്സ്, ബാങ്കിംഗ് സേവനങ്ങളിലേക്ക് ഇന്ത്യൻ തപാൽ മേഖല വ്യാപിക്കുകയാണ്. പോസ്റ്റ്കാർഡുകൾ, ഇൻലാൻഡ് ലെറ്ററുകൾ, കവറുകൾ എന്നിവയുടെ വിൽപ്പന ഇന്ത്യയിൽ ഗണ്യമായി കുറഞ്ഞു. 50 പൈസ വിലയുള്ള പോസ്റ്റ്കാർഡുകൾ ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലും സർക്കാർ പ്രചാരണങ്ങളിലും മാത്രമാണ് ഉപയോഗിക്കുന്നത്. ഇൻലാൻഡ് കത്തുകളുടെ കാര്യത്തിലാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോണുകളും വാട്ട്സ്ആപ്പും ആണ് ഇതിനൊരു പ്രധാന കാരണം.
വ്യക്തിപരമായ കത്തിടപാടുകളിൽ കുറവുണ്ടായിട്ടും, ചില സേവനങ്ങൾ ശക്തമായി തുടരുന്നു. ഔദ്യോഗിക രേഖകൾ, കോടതി പേപ്പറുകൾ, രാഖി പോലുള്ള ഉത്സവ തപാൽ എന്നിവയ്ക്കായി കവറുകൾ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നു. സ്പീഡ് പോസ്റ്റ്, രജിസ്റ്റർ ചെയ്ത കത്തുകൾ എന്നിവയിൽ സ്ഥിരമായ വളർച്ചയുണ്ടായി. 2024-25 ൽ സ്പീഡ് പോസ്റ്റ്, രജിസ്റ്റർ ചെയ്ത കത്തുകൾ എന്നിവയിൽ നിന്നുള്ള വരുമാനം ഏകദേശം 2,353 കോടി രൂപയായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പാസ്‌പോർട്ടുകൾ, ആധാർ കാർഡുകൾ, ബാങ്ക് രേഖകൾ, ചെക്ക് ബുക്കുകൾ, സർക്കാർ നോട്ടീസുകൾ എന്നിവയുടെ വിതരണം ഇപ്പോഴും ഇന്ത്യൻ തപാലിനെ വളരെയധികം ആശ്രയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |