
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) മേധാവി പ്രതീക് ജെയിനിനെതിരായ ഇ.ഡി റെയ്‌ഡിനെ ചൊല്ലി രാഷ്ട്രീയ വിവാദം. റെയ്ഡ് രാഷ്‌ട്രീയ ലാക്കോടെയെന്നും തൃണമൂലിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്നും മുഖ്യമന്ത്രി മമതാ ബാനർജി. മമത പൊലീസിന്റെ സഹായത്തോടെ പ്രകോപനമുണ്ടാക്കിയെന്ന് ഇ.ഡി ആരോപണം.
കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ ഏഴ് മുതൽ അർദ്ധസൈനിക സേനകളുടെ സാന്നിദ്ധ്യത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ ഐപാക് മേധാവിയുടെ വസതിയിലും ഓഫിസിലും റെയ്ഡ് നടത്തിയത്. കള്ളക്കടത്തുമായി ബന്ധമുള്ള ഹവാല ഇടപാടുകാരൻ കോടിക്കണക്കിന് രൂപ നൽകിയെന്നാണ് ആരോപണം. തൃണമൂൽ കോൺഗ്രസിന്റെ ഐ.ടി, മീഡിയ സെല്ലും മദ്ധ്യ കൊൽക്കത്തയിലെ സാൾട്ട്ലേക്കിലുള്ള ഈ ഓഫിസിലാണ് പ്രവർത്തിക്കുന്നത്.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസാണിത്. കേസിലെ നിരവധി ഇടപാടുകളുമായി ബന്ധപ്പെട്ട് ഐപാകിന്റെ പേര് ഉയർന്നുവെന്നാണ് ആരോപണം.
റെയ്ഡിന്റെ മറവിൽ പാർട്ടി രേഖകൾ ഇ.ഡി പിടിച്ചെടുത്തെന്ന് റെയ്ഡിന് പിന്നാലെ ഐപാക് ഓഫീസിലെത്തിയ മമത ആരോപിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്‌ക്, സ്ഥാനാർത്ഥിപ്പട്ടിക തുടങ്ങിയവ ഇ.ഡി ശേഖരിച്ചത് എന്തിനാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്.
ആഭ്യന്തരമന്ത്രി മറുപടി പറയണം. സംസ്ഥാന സർക്കാർ ബി.ജെ.പി പാർട്ടി ഓഫീസ് റെയ്ഡ് ചെയ്താൽ എന്തുസംഭവിക്കും. ഒരുവശത്ത്, എസ്.ഐ.ആർ നടത്തി വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുന്നു. മറുവശത്ത് പാർട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുന്നു. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാൻ വെല്ലുവിളിക്കുന്നു.
മമത പ്രശ്നങ്ങൾ
സൃഷ്ടിക്കുന്നു : ഇ.ഡി
കേസുമായി ബന്ധപ്പെട്ട റെയ്ഡ് ചട്ടപ്രകാരമാണെന്ന് ഇ.ഡി പ്രതികരിച്ചു. രാഷ്‌ട്രീയ പാർട്ടി ഓഫീസിൽ കയറിയിട്ടില്ല. റെയ്ഡിനിടെ മമതയെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചു. മമത പൊലീസുമായി എത്തുന്നതുവരെ സമാധാനപരമായിരുന്നുയെന്നും ഇ.ഡി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |