
പൂനെ: പ്രകൃതി തന്റെ ഗുരുവും കൂട്ടുകാരനും മനസാക്ഷിയുമാണെന്നാണ് ഗാഡ്ഗിൽ പറഞ്ഞിട്ടുള്ളത്. ഒരർത്ഥത്തിൽ
പ്രകൃതി തന്നെയായിരുന്നു ഗാഡ്ഗിൽ. അത്രയും ആഴമുള്ള ജീവിതം. ശാസ്ത്രജ്ഞരിലെ ഏകാന്തപഥികനെന്ന് ലോകം അദ്ദേഹത്തെ വിളിച്ചു. പ്രകൃതിയോടുള്ള സ്നേഹവും നിരീക്ഷണവും യാത്രയുമെല്ലാം ചെറുപ്പം മുതൽ ഗാഡ്ഗിലിനൊപ്പമുള്ളതാണ്. അച്ഛന്റെ ലൈബ്രറിയിൽ നിന്നെടുത്തു വായിച്ച പുസ്തകങ്ങളും, പക്ഷി നിരീക്ഷകൻ സലിം അലിയുടെ സാന്നിദ്ധ്യവും അദ്ദേഹത്തെ ഒരു പരിസ്ഥിതി സ്നേഹിയാക്കി.
'14-ാം വയസിൽ സലിം അലിയെ പോലൊരു ഒരു ഫീൽഡ് ഇക്കോളജിസ്റ്റ് ആകാൻ തീരുമാനിച്ചു'-ഗാഡ്ഗിൽ തന്റെ ഓർമ്മക്കുറിപ്പായ 'എ വാക്ക് അപ്പ് ദി ഹില്ലി"ൽ കുറിച്ചു. പിന്നീടുള്ള 70 വർഷക്കാലം ആ തീരുമാനത്തിൽ നിന്ന് ഗാഡ്ഗിൽ മാറിയില്ല. അദ്ദേഹം പ്രകൃതിയുടെയും മനുഷ്യരുടെയും ശാസ്ത്രജ്ഞനായി. ഗാഡ്ഗിലിന്റെ സമവാക്യം മനുഷ്യനും പ്രകൃതിയും ഒന്നിച്ചുനിൽക്കുകയെന്നതായിരുന്നു.
വായനയിലൂടെ അറിഞ്ഞുതുടങ്ങിയ പശ്ചിമഘട്ടം പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. 'പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ മലയാളം പരിഭാഷയ്ക്ക് നൽകിയ പേരുപോലും.
വ്യവസ്ഥാപിതമായ മതങ്ങളിലും കെട്ടുപാടുകളിലുമല്ല, പ്രകൃതിയിലാണ് ഗാഡ്ഗിൽ വിശ്വസിച്ചത്. വൈവിദ്ധ്യമുള്ള സംസ്കാരങ്ങളെയും അതിൽ നിന്ന് പിറവികൊണ്ട ആവിഷ്കാരങ്ങളെയും അദ്ദേഹം അടുത്തറിഞ്ഞു. അദ്ദേഹം ചെന്നുതൊടാത്ത മണ്ണും മനുഷ്യരുമുണ്ടാകില്ല. ഋഗ്വേദം മുതൽ അദ്ദേഹം വായിക്കാത്തതും അറിയാത്തതുമായ ഗ്രന്ഥങ്ങൾ കുറവ്.. ഒരു ബുദ്ധപ്രതിമ ആഗ്രഹിച്ച് വാങ്ങി അദ്ദേഹം സൂക്ഷിച്ചിരുന്നു. ഒരു ബുദ്ധനെപ്പോലെ ജീവിച്ചു. പ്രകൃതിയിലുണ്ടായ എല്ലാ പ്രശ്നങ്ങളും അദ്ദേഹത്തെ ബാധിച്ചു.ഉദ്യോഗസ്ഥതലത്തിലുള്ള അവഗണനയുൾപ്പെടെയുണ്ടായിട്ടും അദ്ദേഹം ശുഭാപ്തിവിശ്വാസം പിന്തുടർന്നു.
അതിൽ ആകുലപ്പെട്ടു. ഭയമില്ലാതെ അത് തുറന്നുപറഞ്ഞു. വിവാദങ്ങളുണ്ടായപ്പോഴും പറഞ്ഞതിൽ ഉറച്ചുനിന്നു. ലോകത്തിന്റെ വികസനം പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലും കാരുണ്യത്തോടെ പെരുമാറുന്നതിലുമാണെന്ന് വിശ്വസിച്ചു. മനുഷ്യനും പ്രകൃതിയും ഒന്നിച്ചുനിൽക്കണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെതന്നെ ജീവിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |