
വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ നാലാം സീസണിന് ഇന്ന് തുടക്കം
ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് ആർ.സി.ബിയെ നേരിടും
മുംബയ് : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം സീസണിന് ഇന്ന് മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ത്യൻ ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബയ് ഇന്ത്യൻസും ഇന്ത്യൻ വൈസ് ക്യാപ്ടൻ സ്മൃതി മാന്ഥന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവും തമ്മിലാണ് ആദ്യ മത്സരം. മുംബയ് ഇന്ത്യൻസ്,ഡൽഹി ക്യാപ്പിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളുരു,യു.പി വാരിയേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഇക്കുറിയും ലീഗിൽ അണിനിരക്കുന്നത്. ഓരോ ടീമും പ്രാഥമിക റൗണ്ട് മറ്റ് നാലുടീമുകളുമായി രണ്ട് തവണ വീതം ഏറ്റുമുട്ടും. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. വിജയിക്കുന്നവർ ഫൈനലിലെത്തും.
മുംബയ്‌യിലും ബറോഡയിലുമായാണ് ഇക്കുറി മത്സരങ്ങൾ. ജനുവരി 17വരെയുള്ള പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് മുംബയ്‌യിൽ നടക്കുന്നത്. 19 മുതൽ ഫെബ്രുവരി ഒന്നുവരെയുള്ള പ്രാഥമികറൗണ്ട് മത്സരങ്ങളും ഫെബ്രുവരി മൂന്നിലെ എലിമിനേറ്ററും അഞ്ചിലെ ഫൈനലും ബറോഡയിലെ കോട്ടംബി സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനൽ ഉൾപ്പടെ 22 മത്സരങ്ങളാണ് ലീഗിലുള്ളത്.
ഇന്ത്യൻ താരങ്ങൾക്കൊപ്പം ഇംഗ്ളണ്ട്, ഓസ്ട്രേലിയ ,ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലോകോത്തരതാരങ്ങളും ലീഗിൽ മാറ്റുരയ്ക്കും. കഴിഞ്ഞ നവംബറിൽ നടന്ന താരലേലത്തിലൂടെ ടീമുകൾ പലതും പുതിയ താരനിരയെ കണ്ടെത്തിയിട്ടുണ്ട്.
മുംബയ് ഇന്ത്യൻസാണ് നിലവിലെ ചാമ്പ്യന്മാർ. ആദ്യ സീസണിലും ചാമ്പ്യൻസായിരുന്നത് ആർ.സി.ബിയാണ്. രണ്ടാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവാണ് കിരീടമുയർത്തിയത്. മൂന്ന് സീസണിലും ഫൈനലിലെത്തിയിരുന്ന ഏക ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. എന്നാൽ ഇതുവരെ കിരീടം നേടാൻ ഡൽഹിക്ക് കഴിഞ്ഞിട്ടില്ല.ഇക്കുറി ഇന്ത്യൻ താരം ജമീമ റോഡ്രിഗസിനെ നായികയാക്കിയാണ് ഡൽഹി എത്തുന്നത്.
ടീമുകളും പ്രധാന താരങ്ങളും
ഡൽഹി ക്യാപ്പിറ്റൽസ്
ജമീമ റോഡ്രിഗസ്(ക്യാപ്ടൻ),ഷെഫാലി വെർമ്മ, ലോറ വോൾവാട്ട്,മരിസാനേ കാപ്പ്, സ്നേഹ് റാണ,അന്നബെൽ സതർലാൻഡ്, മിന്നുമണി, അലാന കിംഗ്
ഗുജറാത്ത് ജയന്റ്സ്
ആഷ്‌ലി ഗാർഡ്നർ(ക്യാപ്ടൻ),ബേത്ത് മൂണി,സോഫീ ഡിവൈൻ,രേണുക സിംഗ്,രാജേശ്വരി ഗെയ്ക്ക്‌വാദ്,കശ്വീ ഗൗതം,യഷ്തിക ഭാട്യ,കിം ഗാത്.
മുംബയ് ഇന്ത്യൻസ്
ഹർമൻപ്രീത് കൗർ(ക്യാപ്ടൻ),ഹെയ്‌ലി മാത്യൂസ്.ജി.കമലിനി,അമൻജോത് കൗർ,അമേലിയ ഖെർ,നാറ്റ് ഷീവർ ബ്രണ്ട്, സജന സജീവൻ,ഷബ്നിം ഇസ്മയിൽ.
ആർ.സി.ബി
സ്മൃതി മാന്ഥന (ക്യാപ്ടൻ),റിച്ച ഘോഷ്, നാദീൻ ഡി ക്ലെർക്ക്,ശ്രേയാംഘ പാട്ടീൽ, എല്ലിസ് പെറി,അരുന്ധതി റെഡ്ഡി,രാധായാദവ്, പൂജ വസ്ത്രകാർ.
യു.പി വാരിയേഴ്സ്
മെഗ് ലാന്നിംഗ് (ക്യാപ്ടൻ), ദീപ്തി ശർമ്മ,ഹർലീൻ ഡിയോൾ,പ്രതിക റാവൽ,ജി.ത്രിഷ,ഫോബീ ലിച്ച് ഫീൽഡ്,സോഫീ എക്കിൾസ്റ്റൺ, ആശ ശോഭന,ക്രാന്തി ഗൗഡ്.
3
മലയാളികൾ താരങ്ങളാണ് ഇക്കുറിയും ലീഗിലുള്ളത്. സജന സജീവനും മിന്നുമണിയും തങ്ങളുടെ പഴയ ടീമുകളായ മുംബയ്‌യിലും ഡൽഹിയിലും തുടരുമ്പോൾ ആശ ശോഭന ആർ.സി.ബിയിൽ നിന്ന് യു.പി വാരിയേഴ്സിലേക്ക് എത്തിയിട്ടുണ്ട്.
7.30 pm
മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്. ശനിയാഴ്ചകളിൽ മാത്രം രണ്ട് മത്സരം. ആദ്യ മത്സരം 3.30 pmന്.
ഫൈനൽ ഫെബ്രുവരി അഞ്ചിന് വഡോദരയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |