ഏപ്രിൽ 13ന് നിർണായക വാദം
പൂർണേഷ് മോദിക്ക് നോട്ടീസ്
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യത മാറുമോയെന്നതിൽ ഏപ്രിൽ 13ന് സൂറത്ത് അഡിഷണൽ സെഷൻസ് കോടതിയിലെ വാദം നിർണായകമാകും. മോദി പരാമർശത്തിന്റെ പേരിൽ കുറ്റക്കാരനാണെന്ന വിധി സസ്‌പെൻഡ് ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയിൽ അന്ന് വാദം കേൾക്കും.
അയോഗ്യത തുടരുന്നതിനാൽ അടിയന്തര വാദം കേൾക്കണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അഡിഷണൽ സെഷൻസ് ജഡ്‌ജി ആർ.പി. മൊഗേര വഴങ്ങിയില്ല. ഹർജിക്കാരനെ കേൾക്കണമെന്ന് നിലപാടെടുത്തു. അപകീർത്തിക്കേസിലെ പരാതിക്കാരനായ ഗുജറാത്തിലെ ബി.ജെ.പി. എം.എൽ.എയും മുൻമന്ത്രിയുമായ പൂർണേഷ് മോദിക്ക് നോട്ടീസ് ഉത്തരവായി. ഏപ്രിൽ 10നകം മറുപടി സമർപ്പിക്കണം.
രാഹുലിന്റെ അപ്പീലും രണ്ട് അപേക്ഷകളും
അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്. കുറ്റക്കാരനാണെന്ന വിധിയും, രണ്ടുവർഷത്തെ തടവുശിക്ഷയും സസ്പെൻഡ് ചെയ്യാൻ രണ്ട് അപേക്ഷകളും സമർപ്പിച്ചു. തടവുശിക്ഷ സസ്‌പെൻഡ് ചെയ്‌ത കോടതി 15000 രൂപ ബോണ്ടിൽ രാഹുലിന് ജാമ്യം അനുവദിച്ചു. അപ്പീൽ തീർപ്പാകും വരെ ജാമ്യം തുടരും.
കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, സുഖ്‌വിന്ദർ സിംഗ് സുഖു, ഭൂപേഷ് ബാഗേൽ എന്നിവർ സൂറത്തിലെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ, ദിഗ്‌വിജയ് സിംഗ്, ആനന്ദ് ശർമ്മ തുടങ്ങിയവർക്കൊപ്പമാണ് രാഹുൽ കോടതിയിലെത്തിയത്. നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു.
നിയമപോരാട്ടത്തിൽ തളയ്‌ക്കപ്പെടുമോ ?
കുറ്റക്കാരനാണെന്ന വിധി മരവിപ്പിച്ചാലേ രാഹുലിന്റെ അയോഗ്യത നീങ്ങൂ. സെഷൻസ് കോടതി വിധി സസ്‌പെൻഡ് ചെയ്‌തില്ലെങ്കിൽ രാഹുലിന് ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാം. സെഷൻസ് കോടതി രാഹുലിന് ആശ്വാസ വിധി നൽകിയാലും ഹർജിക്കാരനായ പൂർണേഷ് മോദിക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാം
പോരാട്ടം ജനാധിപത്യത്തെ
സംരക്ഷിക്കാൻ : രാഹുൽ
മിത്രകാലത്തിന് എതിരെയാണ് പോരാട്ടമെന്ന് മോദി - അദാനി സൗഹൃദം സൂചിപ്പിച്ച് രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു. സത്യമാണ് തന്റെ ആയുധവും പിന്തുണയുമെന്നും കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |