അയോദ്ധ്യ: എൻജിനിയറിംഗ് വിസ്മയമായ രാമക്ഷേത്രം ആയിരം വർഷം നിലനിൽക്കാനായി മറികടക്കേണ്ടിവന്നത് കടുത്തവെല്ലുവിളികളെന്ന് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ മാനേജർ ഗിരീഷ് സഹസ്ര ഭോജിനീ കേരള കൗമുദിയോട് പറഞ്ഞു. ദുർബലമായ ഇളകിയ മണ്ണായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഭൂകമ്പമുണ്ടായാൽപ്പോലും ബാധിക്കാത്തതരത്തിൽ വളരെ ആഴത്തിൽ കോൺക്രീറ്റ് പാകേണ്ടിവന്നു.
ഉപയോഗിക്കുന്ന ശിലകൾ മാർബിളായാലും ഗ്രാനൈറ്റ് ആയാലും കാഠിന്യംകൊണ്ട് അങ്ങേയറ്റം പാകമായത് തിരഞ്ഞെടുത്തു. ഇവ കാലപ്പഴക്കംകാെണ്ട് ദ്രവിക്കില്ല. തേക്ക് തടിയും അങ്ങനെതന്നെ.
പ്രധാനമൂർത്തിയായ രാംലല്ലയെ (ബാലനായ രാമൻ) പ്രതിഷ്ഠിക്കുന്ന ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന താഴത്തെ നിലയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ജനുവരി 22നാണ് പ്രതിഷ്ഠ. 2025 അവസാനത്തോടെ എല്ലാ പണികളും പൂർത്തിയാവുന്നതോടെ ക്ഷേത്രം പൂർണമാവുമെന്ന് ഗിരീഷ് സഹസ്ര ഭോജിനീ വ്യക്തമാക്കി.
ഉറപ്പില്ലാത്ത മണ്ണ്
1. ഉറപ്പില്ലാത്ത മണ്ണും സരയു നദീയുടെ സാന്നിദ്ധ്യവും വെല്ലുവിളിയായി
2. മഴക്കാലത്ത് നദീജലം ക്ഷേത്രത്തിന്റെ 500 മീറ്റർ അടുത്തുവരെ എത്താറുണ്ട്. മണ്ണൊലിപ്പിന് സാദ്ധ്യത.
3. ഭൂകമ്പ മേഖലയാണ്. പാറകെട്ടുകൾ തീരെയില്ല. അടിസ്ഥാനം ഉറപ്പിക്കുക കടുത്ത വെല്ലുവിളിയായി
കൃത്രിമ പാറക്കെട്ടൊരുക്കി ഭൂകമ്പത്തിലും കുലുങ്ങില്ല
1. ഇളകിയ മണ്ണ് നീക്കി 14 മീറ്റർ ആഴത്തിൽ 56 പാളികളായി കോൺക്രീറ്റ് ( റോളർ കോംപാക്ട് കോൺക്രീറ്റ്) അടിത്തറയിട്ടു. പാറപൊടി, ഫ്ലൈ ആഷ് എന്നിവ ചേർത്തു. ആറേക്കർ വിസ്തൃതിയുള്ള കൃത്രിമപ്പാറയായി അതുമാറി. 6.5 റിക്ടർ സ്കെയിൽ ഭൂകമ്പമുണ്ടായാലും അനങ്ങില്ല.
2.ഭിത്തികൾ നിർമ്മിക്കാൻ 4.75 ലക്ഷം ചതുരശ്രയടി പിങ്ക് സാന്റ് സ്റ്റോൺ രാജസ്ഥാനിലെ ഭരത് പൂരിൽ നിന്ന്.
തറയിൽ പാകാനുള്ള തൂവെള്ള മക്രാന മാർബിളും
രാജസ്ഥാനിൽ നിന്ന്.
3. ശില്പങ്ങൾ കൊത്താനായി 17000 ഗ്രാനൈറ്റ് സ്തംഭങ്ങൾ തെലങ്കാനയിൽ നിന്ന്. മഹാരാഷ്ട്രയിൽനിന്നാണ് ഈടുറ്റ തേക്കുതടി.
ബുർജ് ഖലീഫയിലും പങ്കാളിയായി
നാഗ്പൂർ സ്വദേശിയായ ഗിരീഷ് സഹസ്ര ഭോജിനീ 1974ൽ നാഗ്പൂർ സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിംഗ് പാസായി. 1976ൽ സ്ട്രക്ചറൽ എൻജിനിയറിംഗിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തു. ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു. ദുബായിലെ ബുർജ് ഖലീഫ നിർമ്മാണത്തിലും റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലെ വമ്പൻ പ്രൊജക്ടുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 31 വർഷമായി ഗോവയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |