അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടി,​ പങ്കെടുക്കും,​ ചരിത്രപരവും അസാധാരണവുമെന്ന് നിത്യാനന്ദ

Sunday 21 January 2024 7:56 PM IST

ന്യൂഡൽഹി : നാളെ നടക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഒളിവിൽ കഴിയുന്ന നിത്യാനന്ദ. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയതായും പങ്കെടുക്കുമെന്നും നിത്യാനന്ദ എക്സിൽ കുറിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ശ്രീരാമൻ പ്രവേശിക്കുകയും ലോകത്തെ അനുഗ്രഹിക്കുന്നതിനായി ഇറങ്ങുകയും ചെയ്യും. ചരിത്രപരവും അസാധാരണവുമായ ഈ ചടങ്ങ് പാഴാക്കരുതെന്ന് നിത്യാനന്ദ കുറിച്ചു.

2010ലാണ് നിത്യാനന്ദയുടെ ഡ്രൈവറുടെ പരാതിയിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ നിത്യാനന്ദ 2020ൽ രാജ്യം വിട്ടു,​ സ്വയം കൈലാസമെന്ന രാജ്യം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന നിത്യാനന്ദ എവിടെയാണുള്ളതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. നാളെയാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പഴുതടച്ച സുരക്ഷയാണ് അയോദ്ധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ചടങ്ങിൽ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തെത്തിയിരിക്കുന്നത്.