ചെന്നൈ: 100 കോടി രൂപയുടെ ഭൂമിതട്ടിപ്പ് കേസിൽ പ്രതിയായ തമിഴ്നാട് മുൻ മന്ത്രി എം.ആർ.വിജയഭാസ്കറിനെ തൃശൂർ പീച്ചയിലെ ഒളിസങ്കേതത്തിൽ നിന്ന് തമിഴ്നാട് സി.ബി.സി.ഐ.ഡി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്ന് കൂട്ടുപ്രതിയായ പ്രവീണിനൊപ്പമാണ് അറസ്റ്റ്. പീച്ചി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
അണ്ണാ ഡി.എം.കെ നേതാവായ വിജയഭാസ്കർ എടപ്പാടി സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി രണ്ടുതവണ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കരൂരിലെ സി.ബി.സി.ഐ.ഡി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്.
കരൂർ സ്വദേശി എം പ്രകാശിന്റെ പരാതിയിലാണ് അന്വേഷണം. വിജയഭാസ്‌കറും കൂട്ടാളികളും തന്റെ ഭാര്യയെയും മകളേയും ഭീഷണിപ്പെടുത്തി 100 കോടി വിലമതിക്കുന്ന തന്റെ 22 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് പ്രകാശിന്റെ പരാതി.
ജൂൺ 22ന് വംഗൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയഭാസ്‌കറും സഹോദരൻ ശേഖറും ഉൾപ്പെടെ 13 പ്രതികളുണ്ട്.
2016 - 2021ൽ കരൂർ എം.എൽ. ആയിരുന്നു വിജയഭാസ്കർ. 2021ൽ ഡി.എം.കെയിലെ സെന്തിൽ ബാലാജിയോട് പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |