ന്യൂഡൽഹി:ജനിതക മാറ്റം വരുത്തിയ കടുകിന്റെ വിൽപന രാജ്യത്ത് അനുവദിക്കുന്നതിൽ സുപ്രീംകോടതിയുടെ ഭിന്നവിധി.
വില്പന പാടില്ലെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ വിധി.
അനുമതി നൽകുന്നതിൽ അപാകത ഇല്ലെന്നാണ് ജസ്റ്റിസ് സഞ്ജയ് കരോലിന്റെ വിധി. ഇതോടെ ഇരുവരും
വിഷയം വിശാലബെഞ്ചിന് വിട്ടു. ബെഞ്ചിന്റെ ഘടന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തീരുമാനിക്കും.
ജനിതക മാറ്റം വരുത്തിയ വിളകളുടെ വിൽപനയും കൃഷിയും അനുവദിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജികളാണ് പരിഗണിക്കുന്നത്.
അതേസമയം, ജനിതക മാറ്റം വരുത്തിയ വിളകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്
നയം രൂപീകരിക്കണമെന്നും ചട്ടങ്ങൾ കൊണ്ടുവരണമെന്നും രണ്ടു ജഡ്ജിമാരും നിർദേശിച്ചു. ജി.എം. എണ്ണ ഇറക്കുമതിക്ക് ഭക്ഷ്യസുരക്ഷാ നിയമം അവലംബമാക്കണമെന്നും ആവശ്യപ്പെട്ടു.
പരിസ്ഥിതി നോക്കണം:
ജസ്റ്റിസ് നാഗരത്ന
ജെനറ്റിക്കലി മോഡിഫൈഡ് (ജി.എം) മസ്റ്റെഡിന്റെ വാണിജ്യവിൽപനയും വിതരണവും ഇപ്പോൾ വേണ്ട എന്നാണ് ജസ്റ്റിസ് നാഗരത്നയുടെ വിധി. രാജ്യത്തെ പരിസ്ഥിതിയിൽ ഉൾപ്പെടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും സംബന്ധിച്ച് എതെങ്കിലും തരത്തിലുള്ള തദ്ദേശീയ പഠനങ്ങൾ കണക്കിലെടുത്തല്ല വിദഗ്ദ്ധസമിതിയായ ജെനറ്റിക് എൻജിനിയറിംഗ് അപ്രൈസൽ കമ്മിറ്റി (ജി.ഇ.എ.സി) ജി.എം കടുകിന്റെ വിൽപനയ്‌ക്ക് അനുമതി നൽകിയിരിക്കുന്നത്. വിദേശ ഗവേഷണ പഠനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. പ്രാദേശികമായ പഠനങ്ങളെയാണ് കണക്കിലെടുക്കേണ്ടത്. അതുണ്ടായില്ല. 2022ലെ കമ്മിറ്റി റിപ്പോർട്ട് വിൽപനക്കാര്യത്തിൽ ബാധകമല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി.
#വിദഗ്ദ്ധരാണ് ശുപാർശ
ചെയ്തത്: ജസ്റ്റിസ് കരോൽ
ജി.എം. കടുകിന്റെ വാണിജ്യവിൽപനയ്‌ക്ക് അനുമതി നൽകിയ വിദഗ്ദ്ധസമിതി റിപ്പോർട്ട് ജസ്റ്റിസ് സഞ്ജയ് കരോൽ ശരിവച്ചു. സമിതിയുടെ രൂപീകരണവും ഘടനയും ചട്ടങ്ങൾ പാലിച്ചാണ്. ഭരണഘടനാവിരുദ്ധമല്ല. വിദഗ്ദ്ധരുടെ സമിതിയാണ് വിൽപനയ്‌ക്ക് അംഗീകാരം നൽകിയിരിക്കുന്നത്. അതിനെ ചോദ്യംചെയ്യുന്ന നടപടി നിലനിൽക്കില്ലെന്നും ജസ്റ്റിസ് സഞ്ജയ് കരോൽ നിലപാടെടുത്തു.
ഹൈറിച്ച് തട്ടിപ്പ്:
പ്രതാപന് ജാമ്യമില്ല
കൊച്ചി: ഹൈറിച്ച് നിക്ഷേപത്തട്ടിപ്പു കേസിൽ കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ഡി. പ്രതാപന്റെ ജാമ്യഹർജി കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി (പി.എം.എൽ.എ കോടതി) തള്ളി. പ്രതിക്കെതിരായ ആരോപങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, ഇ.ഡി കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ റിമാൻഡ് നീട്ടുകയും ചെയ്തു.
വാഹനങ്ങളിലെ
സർക്കാർ മുദ്ര:
അടുത്തയാഴ്ച വാദം
കൊച്ചി: ഔദ്യോഗിക വാഹനങ്ങളിൽ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം സർക്കാർ മുദ്ര അനധികൃതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |