ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള അടിയന്തര വിവരങ്ങൾ അടക്കം ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കാലാവസ്ഥാ പ്രവചനം ലക്ഷ്യമിട്ടുള്ള 'മിഷൻ മൗസം' പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 1875ൽ സ്ഥാപിച്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) 150-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
കൃഷി, വ്യോമയാനം, പ്രകൃതിദുരന്തം, ടൂറിസം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ രാജ്യത്തെ കാലാവസ്ഥാ പ്രവചനം 'സ്‌മാർട്ട്' ആക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ഇതിനായി നൂതന കാലാവസ്ഥാ നിരീക്ഷണ സാങ്കേതികവിദ്യകൾ, സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കും. ഉയർന്ന റെസല്യൂഷനുള്ള അന്തരീക്ഷ നിരീക്ഷണ ഉപകരണങ്ങളും അടുത്ത തലമുറ റഡാറുകളും ഉപഗ്രഹങ്ങളും ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടറുകളും ലഭ്യമാക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട ബോധവത്കരണം, കാലാവസ്ഥാ മാനേജ്മെന്റ്, മികച്ച വായു ഗുണനിലവാര ഡാറ്റ തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.
പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ.ഐ.ടി.എം), നോയിഡ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ് (എൻ.സി.എം.ആർ.ഡബ്ല്യു.എഫ്) എന്നീ സ്ഥാപനങ്ങൾക്കാണ് ഏകോപന ചുമതല. 850 കോടി രൂപ ചെലവിൽ വികസിപ്പിച്ച 'അർക്ക', 'അരുണിമ' ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് (എച്ച്.പി.സി) സംവിധാനം പ്രധാനമന്ത്രി കഴിഞ്ഞ സെപ്‌തംബറിൽ കമ്മിഷൻ ചെയ്‌തിരുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, കനത്ത മഴ, ഇടിമിന്നൽ, മഞ്ഞുവീഴ്ച , ഉഷ്‌ണ തരംഗങ്ങൾ, വരൾച്ച, മറ്റ് പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവ കൃത്യമായി പ്രവചിക്കാൻ സഹായിക്കും.
കാലാവസ്ഥാ വകുപ്പിന്റെ 150 വർഷം ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭിമാനകരമായ യാത്രയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. സ്‌മാർട്ട് ഫോൺ വഴി ഇന്ന് പൊതുജനങ്ങൾ കാലാവസ്ഥാ പ്രവചനങ്ങൾ ഉപയോഗപ്പെടുത്തുന്നു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കും ഇന്ത്യ വിവരങ്ങൾ കൈമാറുന്നു. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യമാകുമ്പോൾ, പ്രാധാന്യം വർദ്ധിക്കും. വാർഷികത്തിന്റെ ഭാഗമായി സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |