അയൽ രാജ്യത്തിന്റെ മതഭ്രാന്ത് മാറ്റാനാകാത്തത്: ജയശങ്കർ

Saturday 29 March 2025 12:14 AM IST

ന്യൂഡൽഹി: പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങൾക്കെതിരായ വ്യാപക ആക്രമണങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെങ്കിലും അയൽ രാജ്യത്തെ ബാധിച്ച മതഭ്രാന്തിന്റെ മാനസികാവസ്ഥ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരിയിൽ പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെ 10 ആക്രമണങ്ങളാണ് നടന്നത്. തട്ടിക്കൊണ്ടുപോകലും നിർബന്ധിത മതപരിവർത്തനവും ഉൾപ്പെട്ടവയാണ്. ഹോളി ആഘോഷിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി, ഗുരുദ്വാര തുറന്നതിന് ആക്രമം, സിക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, മതപരിവർത്തന ശ്രമം, അഹമ്മദിയ സമുദായവുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ, മാനസിക വെല്ലുവിളി നേരിടുന്ന ക്രിസ്ത്യൻ വിശ്വാസിക്കെതിരെ ദൈവനിന്ദ കുറ്റം ചുമത്തൽ തുടങ്ങിയവയാണ് പാകിസ്ഥാനിൽ അടുത്തിടെ ഉണ്ടായ ന്യൂനപക്ഷ പീഡനങ്ങളെന്ന് ജയശങ്കർ സഭയെ അറിയിച്ചു. ബംഗ്ളാദേശിൽ 2024 ൽ, ന്യൂനപക്ഷങ്ങൾക്കെതിരായ 2,400 ആക്രമണങ്ങളുണ്ടായി. 2025 ൽ 72 സംഭവങ്ങൾ. ഇക്കാര്യങ്ങളിലുള്ള ആശങ്ക ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ വിദേശകാര്യ സെക്രട്ടറി ഉന്നയിച്ചെന്നും ജയശങ്കർ പറഞ്ഞു.