ഇസ്ലാമാബാദ്: ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാക് പാർലമെന്റ് സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. 'ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ" എന്ന് പറഞ്ഞ് എം.പി താഹിർ ഇഖ്ബാൽ പൊട്ടിക്കരഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ എന്നും കരയുന്നതിനിടെ താഹിർ പറഞ്ഞു. മുൻ മേജറാണ് താഹിർ. സ്ഥിതിഗതികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ, സ്വന്തം പൗരന്മാരുടെ തന്നെ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയാവുകയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനികളുടെ ഓരോ തുള്ളി രക്തത്തിനും പകരം ചോദിക്കുമെന്നാണ് ഷെഹ്ബാസ് വെല്ലുവിളിച്ചത്. എന്നാൽ, ഷെഹ്ബാസിന് അതിനുള്ള ശക്തിയില്ലെന്നാണ് പാക് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ പരിഹാസം. ഷെഹ്ബാസ് ദുർബലനാണെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ കോമാളിയായി ഉപമിക്കുന്ന ട്രോളുകളിലൂടെയാണ് മറ്റുചിലർ വിമർശിക്കുന്നത്.
സംസാരശൈലിയുടെയും പ്രസംഗത്തിന്റെയും പേരിൽ നേരത്തെ തന്നെ ഷെഹ്ബാസ് ട്രോളുകളിൽ താരമാണ്. അതേ സമയം, പാക് വ്യോമസേനാ മേധാവി സഹീർ അഹ്‌മ്മദ് ബാബർ ഇന്ത്യയുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് ഷെഹ്ബാസിനോട് നിർദ്ദേശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയുമായുള്ള സംഘർഷം പാകിസ്ഥാന് ഉചിതമാകില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം തന്റെ അതൃപ്തി ഉന്നത നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നെന്നും പറയപ്പെടുന്നു.
കരുത്തായി റഷ്യൻ വജ്രായുധം, തരിപ്പണമായി ചൈനീസ് വ്യാജൻ !
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണത്തെ തകർത്ത് തരിപ്പണമാക്കിയത് റഷ്യൻ നിർമ്മിത എസ് - 400 വ്യോമപ്രതിരോധ സംവിധാനമാണ്. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണിത്. യുദ്ധ വിമാനങ്ങളെയും വിവിധ തരം മിസൈലുകളെയും ഡ്രോണുകളെയും നിമിഷനേരം കൊണ്ട് തകർത്തെറിയാൻ എസ് - 400ന് കഴിയും. പാക്, ചൈനീസ് ഭീഷണികൾ നേരിടാനാണ് ഇന്ത്യ എസ് - 400 വാങ്ങിയത്. 2021ലാണ് എസ് - 400 ഇന്ത്യയിലെത്തിയത്. അതേ സമയം, റഷ്യയുടെ മുൻ വെർഷൻ എസ് - 300ന്റെ 'ചൈനീസ് ഡൂപ്ലിക്കേറ്റ്" ആണ് പാകിസ്ഥാന്റെ പക്കലുണ്ടായിരുന്നത്. ഇന്ത്യൻ ആക്രമണത്തിൽ ഇത് തകർന്നു തരിപ്പണമായതോടെ സ്വന്തം രാജ്യത്തുനിന്നു തന്നെ പാക് സൈന്യത്തിനെതിരെ വ്യാപക വിമർശനമുയർന്നു. റഷ്യയുടെ എസ് - 400, എസ് - 300 എന്നിവയുടെ മാതൃകയിൽ ചൈന പ്രിസിഷൻ മെഷിനറി ഇംപോർട്ട് - എക്‌സ്‌പോർട്ട് കോർപ്പറേഷൻ നിർമ്മിച്ച എഫ്.ഡി - 2000, എച്ച്.ക്യു -9 ബി.ഇ, എച്ച്.ക്യു - 16 എഫ്.ഇ എന്നിവയാണ് പാക് സൈന്യം ഉപയോഗിച്ചിരുന്നത്. ഇതിനിടെ പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ജെ.എഫ് -17 യുദ്ധവിമാനം ഇന്ത്യ തകർക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |