ന്യൂഡൽഹി: പതിനൊന്ന് വർഷമായി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ജനാധിപത്യവും ഭരണഘടനയും ഏറ്റവും വലിയ ഭീഷണി നേരിടുന്ന കാലമാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. അമ്പതുവർഷത്തിന് ശേഷം നരേന്ദ്രമോദി സർക്കാർ അടിയന്തരാവസ്ഥയുടെ വിഷയം ഉയർത്തുന്നത് തൊഴിൽ, അഴിമതി, ദാരിദ്ര്യം, പണപ്പെരുപ്പം, ചങ്ങാത്ത മുതലാളിത്തം തുടങ്ങിയ കാര്യങ്ങളിലെ പരാജയങ്ങൾ മറച്ചുവയ്‌ക്കാനാണ്. ഇന്ന് ഭരണഘടന എന്തെങ്കിലും വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ അതിന് കാരണം ബി.ജെ.പിയും പ്രധാനമന്ത്രിയുമാണ്. അവർ രാജ്യത്തെ നശിപ്പിക്കുകയാണ്.
രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യമില്ല. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിലടയ്‌ക്കുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളോട് രണ്ടാനമ്മ നയമാണ് കേന്ദ്രസർക്കാരിന്. സംസ്ഥാനങ്ങൾക്കെതിരെ ഗവർണർമാരെ ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ മോദി സർക്കാരിന്റെ കൈകളിലെ പാവയായി. ജുഡിഷ്യറി പോലും സമ്മർദ്ദത്തിലാണ്.
സ്വന്തം രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തയാളാണ് വിശ്വഗുരു ആകാൻ ശ്രമിക്കുന്നത്. ഇന്ത്യ-പാക് വെടിനിറുത്തലിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന യു.എസ് പ്രസിഡന്റ് ട്രംപിനെതിരെ വായ തുറക്കാൻ ധൈര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |