
കാബൂൾ: ബ്രിട്ടീഷ് സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരയായ 'പീക്കി ബ്ളൈൻഡേഴ്‌സിലെ' വസ്ത്രധാരണം ആസ്‌പദമാക്കി വേഷം ധരിച്ച നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് അഫ്‌ഗാനിലെ താലിബാൻ സർക്കാർ. ഹേറത്തിലാണ് സംഭവം. വിദേശ സംസ്‌കാരത്തിന് പ്രചാരണം നൽകിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. അസ്‌ഗർ ഹുസിനായി, ജലീൽ യാക്കൂബി, അശോർ അക്‌ബരി, ദുവാദ് റാസ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും പീക്കി ബ്ളൈൻഡേഴ്‌സ് വേഷം ധരിച്ച് ജിബ്രായിൽ പട്ടണത്തിലൂടെ നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
സിനിമാ താരങ്ങളെ അനുകരിച്ചതിനും അഫ്‌ഗാൻ മൂല്യങ്ങൾക്കെതിരായി പ്രവർത്തിച്ചതിനുമാണ് അറസ്റ്റെന്ന് താലിബാൻ മന്ത്രി സൈഫ് ഉർ ഇസ്ളാം ഖൈബർ വ്യക്തമാക്കി. 'അഫ്‌ഗാന് മതപരമായും സാംസ്‌കാരികവുമായ മൂല്യങ്ങളുണ്ട്. പ്രത്യേകിച്ച് വസ്‌ത്രധാരണത്തിൽ. നമ്മൾ മുസ്ളീങ്ങളും അഫ്‌ഗാനികളുമാണ്. ഹാനികരമായ സംസ്‌കാരം പ്രചരിക്കുന്നതിൽ നിന്ന് പലവിധ ത്യാഗങ്ങളിലൂടെ നമ്മൾ രാജ്യത്തെ സംരക്ഷിച്ചു. ഇപ്പോൾ അതിന് പ്രതിരോധം തീർക്കുക കൂടിയാണ്.
'അവർ ധരിച്ചിരുന്ന വസ്ത്രത്തിന് അഫ്ഗാൻ ഐഡന്റിറ്റി ഒട്ടും തന്നെയില്ല. നമ്മുടെ സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ല. രണ്ടാമതായി, അവരുടെ പ്രവൃത്തികൾ ഒരു ബ്രിട്ടീഷ് സിനിമയിലെ അഭിനേതാക്കളുടെ അനുകരണമായിരുന്നു. നമ്മുടേത് മുസ്ലീം സമൂഹമാണ്. ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യണമെന്നുണ്ടെങ്കിൽ മതപരമായ മുൻഗാമികളെ പിന്തുടരണം" - മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, നാല് യുവാക്കളെയും പുനരധിവാസ കേന്ദ്രത്തിലെത്തിച്ചുവെന്നാണ് റിപ്പോർട്ടുകളെങ്കിലും മുന്നറിയിപ്പ് നൽകിയെന്നും തുടർന്ന് വിട്ടയച്ചുവെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |