ന്യൂഡൽഹി: ഒഡീഷയിലെ പുരിയിൽ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.
പത്ത് പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഗണ്ടിച്ച ക്ഷേത്രത്തിനടുത്ത് വച്ച് ഇന്നലെ പുലർച്ചെ 4.30ഓടെയാണ് അപകടം. ജഗന്നാഥൻ, ബാലഭദ്രൻ, ശുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങൾ വഹിക്കുന്ന മൂന്ന് രഥങ്ങൾ കടന്നുപോകുമ്പോൾ വലിയ തിരക്കുണ്ടായി. ഇതിനിടെ ചിലർ വീഴുകയും ചവിട്ടേൽക്കുകയും ചെയ്തു. പ്രഭാതി ദാസ്, ബസന്തി സാഹു എന്നിവരും 70 കാരനായ പ്രേമകാന്ത് മൊഹന്തിയും അവിടെവച്ച് തന്നെ മരിച്ചു. മൂവരും ഖുർദ ജില്ലയിൽ നിന്നുള്ളവരാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന്റെ ക്രമീകരണങ്ങൾ അപര്യാപ്തമായിരുന്നുവെന്ന് വിമർശനമുയർന്നു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടനയിച്ചെന്നും റിപ്പോർട്ട് വന്നാലേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പുരി കലക്ടർ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെന്നും ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾക്കകം കളക്ടറെയും പുരി പൊലീസ് മേധാവി വിനീത് അഗർവാളിനെയും സ്ഥലം മാറ്റി
25 ലക്ഷം രൂപ
നഷ്ടപരിഹാരം
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.തിക്കിലും തിരക്കിലും പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി പറഞ്ഞു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. സമാധാനപരമായ ഉത്സവം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണ് വെളിപ്പെടുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.ഡി അദ്ധ്യക്ഷനുമായ നവീൻ പട്നായിക് വിമർശിച്ചു. അനുശോചനം അറിയിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |