ബീഹാറിൽ യാദവ- മുസ്ലിം വോട്ടുബാങ്ക് രൂപീകരിക്കാനുള്ള ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ബുദ്ധിയാണ് 90കളിൽ മുഹമ്മദ് ഷഹാബുദ്ദീൻ എന്ന നേതാവിന്റെ പിറവിക്ക് പിന്നിൽ. 1995ൽ ജനതാദളിലായിരുന്ന ലാലു, പാർട്ടി ടിക്കറ്റ് നൽകി ജയിപ്പിച്ച മുഹമ്മദ് ഷഹാബുദ്ദീൻ സിവാൻ ജില്ലയിലെ സ്വാധീനമുള്ള നേതാവും ബീഹാർ രാഷ്‌ട്രീയത്തിലെ ബാഹുബലിയായും (ശക്തിമാൻ) മാറി.
1990ൽ ആദ്യമായി മുഖ്യമന്ത്രിയായ ലാലു, ഷഹാബുദ്ദീന്റെ കഴിവ് മനസിലാക്കിയാണ് 1995ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറാദേയിൽ മത്സരിപ്പിച്ചത്. മുസ്ലിം, അതി പിന്നാക്ക ജാതികൾ, ദളിത് വിഭാഗം, ഇടതുപക്ഷ ശക്തികളുടെ ഉയർച്ചയിൽ ആശങ്കാകുലരായ സവർണ ഭൂവുടമകൾ എന്നിവർ ഷഹാബുദ്ദീനെ പിന്തുണച്ചു.
2007ൽ സി.പി.ഐ (എം.എൽ) പ്രവർത്തകനായ ഛോട്ടേലാൽ ഗുപ്തയുടെ കൊലപാതകം, 2008ൽ മറ്റൊരു കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഷഹാബുദ്ദീൻ ജയിലിലായി. തിരഞ്ഞെടുപ്പ് അയോഗ്യത ലഭിച്ച്, 2021ൽ കൊവിഡ് ബാധിച്ച് മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹീന രാഷ്‌ട്രീയത്തിലിറങ്ങിയെങ്കിലും ക്ലച്ച് പിടിച്ചില്ല. ഷഹാബുദ്ദീൻ നാലുതവണ ജയിച്ച സിവാൻ ലോക്‌സഭാ മണ്ഡലത്തിൽ 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഹീന ആർ.ജെ.ഡി ടിക്കറ്റിൽ മത്സരിച്ച് തോറ്റു. പിന്നീട് ആർ.ജെ.ഡി അവരെ അകറ്റി. 2024ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച ഹീന, ആർ.ജെ.ഡി സ്ഥാനാർത്ഥി അവധ് ബീഹാർ ചൗധരിയുടെ വോട്ടുകൾ ഭിന്നിപ്പിച്ചു. തുടർന്ന് ഹീനയെയും മകൻ ഒസാമ ഷഹാബിനെയും ആർ.ജെ.ഡി വീണ്ടും പാർട്ടിയിലെടുത്തു.
ഇക്കുറി സിവാൻ ജില്ലയിലെ രഘുനാഥ്‌പൂരിൽ ഒസാമ ഷഹാബ് (30) ആർ.ജെ.ഡി സ്ഥാനാർത്ഥിയാണ്. മണ്ഡലത്തിലെ 'ബാഹുബലി" സ്വാധീനം പ്രയോജനപ്പെടുത്താൻ ആർ.ജെ.ഡി സിറ്റിംഗ് എം.എൽ.എ ഹരി ശങ്കർ യാദവിനെ ഒഴിവാക്കി ലാലുവും മകൻ തേജസ്വിയും നേരിട്ടാണ് സീറ്റു നൽകിയത്.
ഷഹാബുദ്ദീനെ എതിർത്ത ഇടതു പാർട്ടികൾ മഹാമുന്നണി ബാനറിൽ ഓസാമയെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഷഹാബുദ്ദീന്റെ കുടുംബവുമായി യാതൊരു തർക്കവുമില്ലെന്ന് സി.പി.ഐ (എം.എൽ) പറഞ്ഞു. ലണ്ടനിൽ നിയമം പഠിച്ച ഒസാമ കേസുകളുടെ കാര്യത്തിൽ പിതാവിന്റെ പാരമ്പര്യം തുടരുന്നു. കഴിഞ്ഞ വർഷം രണ്ട് ഭൂമി തർക്ക കേസുകളിൽ മൂന്നുമാസം ജയിലിൽ കിടന്നു. ഒസാമ ജയിച്ചാൽ ക്രിമിനൽ രാഷ്‌ട്രീയം തിരികെ വരുമെന്നാണ് എൻ.ഡി.എ പ്രചാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |