ചെന്നൈ : ദീപാവലി പ്രമാണിച്ച് തമിഴ്നാട്ടിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോടബർ 21 ചൊവ്വാഴ്ച അവധി നൽകി. ഇതോടെ സർക്കാർ ജീവനക്കാർക്ക് 18 മുതൽ 21 വരെ തുടർച്ചയായി നാലുദിവസം അവധി ലഭിക്കും. 25 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.
ദീപാവലി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് ലക്ഷക്കണക്കിന് പേരാണ് മടങ്ങുന്നത്. ഇതിനാൽ ചെന്നൈയിൽ യാത്രാത്തിരക്ക് വർദ്ധിച്ചരിക്കുകയാണ്. ബസുകളിലും ട്രെയിനുകളിലും സ്വന്തം വാഹനങ്ങളിലുമായി ആറുലക്ഷം യാത്രക്കാർ പോയതായാണ് ഏകദേശ കണക്ക്. വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും കണക്കാണിത്. അടുത്ത രണ്ടു ദിവസങ്ങളിും ഇത്രയും യാത്രക്കാർ ഉണ്ടാകുമെന്ന് ഗതാഗത വകുപ്പും റെയിൽവേ അധികൃതരും അറിയിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ, എഗ്മോർ, താംബരം റെയിൽവേ സ്റ്റേഷനുകളിലും നഗരത്തിലെ മറ്റ് റെയിൽവേ സ്റ്റേഷനുകളിലുമായി യാത്രക്കാരെ നിയന്ത്രിക്കാൻ 850 റെയിൽവേ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിദിന ട്രെയിനുകൾക്ക് പുറമേ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസങ്ങളിലായി 70 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ 20 എണ്ണം അൺ റിസർവ്ഡ് കോച്ചുകളുള്ള ട്രെയിനുകളാണ്. അതിനാൽ യാത്രക്കാരുടെ എണ്ണവും കൂടുതലായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് ചെന്നൈ സെൻട്രലിലും താംബരം റെയിൽവേ സ്റ്റേഷനുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വെയ്റ്റിംഗ് ലിസ്റ്റുകാരെ റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സ്റ്റേഷനുകളിൽ ആർ.പി.എഫിന്ഫെ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കൂടാതെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നതായി റെയിൽവേ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |