വിജയ്‌യെ പിന്തുണയ്ക്കുന്നത് ശത്രുവിന്റെ മിത്രങ്ങൾ
ചെന്നൈ:ടി.വി.കെ രൂപീകരിച്ച ശേഷം ആദ്യ സമ്മേനത്തിൽ തന്നെ തന്റെ രാഷ്ട്രീയ ശത്രു ഡി.എം.കെയാണെന്ന് വിജയ് പ്രഖ്യാപിച്ചു. ബി.ജെ.പി ഫാസിസമാണെങ്കിൽ ഡി.എം.കെ പായസമാണോ എന്നാണ് വിജയ് കളിയാക്കിയിരുന്നത്.
ഇപ്പോൾ ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌ക്ക് തുണയായത് ഡി.എം.കെ മുന്നണിയിലെ പാർട്ടികൾ. കോൺഗ്രസ് ഡി.എം.കെ മുന്നണി വിട്ട് വന്ന് ടി.വി.കെ സഖ്യത്തിൽ ചേർന്നപ്പോൾ മറ്റ് പാർട്ടികളെല്ലാം ഡി.എം.കെയുമായി ചർച്ച നടത്തി, സ്റ്റാലിന്റെ അനുവാദത്തോടെ ഡി.എം.കെ മുന്നണി വിടാതെയാണ് വിജയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ പുറത്തു നിന്നും പിന്തുണ നൽകുന്നത്. ഡി.എം.കെ മുന്നണിയിൽ ഒരു സീറ്റുള്ള ഡി.എം.ഡി.കെ മാത്രമാണ് ഇപ്പോഴും ടി.വി.കെയ്ക്ക് പിന്തുണ നൽകാത്തത്.ഡി.എം.ഡി.കെയോട് ടി.വി.കെ പിന്തുണ അഭ്യർത്ഥിച്ചില്ലെന്നാണ് വിവരം.
അതിനിടെ, എൻ.ഡി.എ ഘടക കക്ഷിയായ അമ്മാ മക്കൾ മുന്നേറ്റ കഴകം അംഗത്തിന്റെ പിന്തുണ തേടാൻ ശ്രമിച്ചത് ടി.വി.കെയ്ക്ക് ക്ഷീണമായി. 13നു മുമ്പ് നിയമസഭയിൽ ഭൂരിപക്ഷം വിജയ് തെളിയിക്കണം. അതു കഴിഞ്ഞ് ഭരണം മുന്നോട്ടു കൊണ്ടു പോകുന്നത് ദളപതിക്ക് ഈസിയായിരിക്കില്ല.ഇപ്പോൾ നടന്നതിലും വലിയ ട്വിസ്റ്റുകളാകും വരാനിരിക്കുന്നത്.