വിജയ്‌യുടെ നിഴലായി മയ്യഴിയിലെ നയിം മൂസ്സ
മാഹി: വിജയ് തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ മയ്യഴിക്കാർക്കും അഭിമാനിക്കാം. ഇളയ ദളപതിയുടെ വിശ്വസ്തനായ അംഗരക്ഷകൻ മയ്യഴി പെരിങ്ങാടി സ്വദേശി നയിം മൂസ്സയാണ്.
യൂറോപ്യൻ സെക്യൂരിറ്റീസ് എന്ന കമ്പനിയിൽ 2000 ലാണ് നയിം മൂസ്സ ജോലി തേടിയെത്തിയത്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെയും ഭരണത്തലവന്മാരുടെയും അംഗരക്ഷകനായി നയിം മൂസ്സ പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ സഹോദരൻ നാജിസ് മൂസ്സക്കൊപ്പം 'ജെന്റൂർ സെക്യൂരിറ്റി" എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങുകയായിരുന്നു.
വിജയ് ഒരിക്കൽ ദുബായിലെത്തിയപ്പോൾ 'ജെന്റൂർ സെക്യൂരിറ്റി" കമ്പനിക്കായിരുന്നു സുരക്ഷാ ചുമതല. വിജയിന് നയീം മൂസ്സയെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് നയീം വിജയ്ക്കൊപ്പം എത്തിയത്. പിന്നീട് ഇളയ ദളപതിയുടെ വിശ്വസ്തനുമായി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ജനക്കൂട്ടത്തിനിടയിൽ വിജയിനെ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്ന നയീമിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകർ വിജയിനുനേരെ വലിച്ചെറിയുന്ന പൂമാലകൾ പിടിച്ചെടുത്തു മാറ്റിവയ്ക്കുന്നതും പ്രചാരണ വാഹനത്തിനടുത്ത് നിഴൽപോലെ നിൽക്കുന്നതും വേദിയിലേക്ക് അനുഗമിക്കുന്നതുമെല്ലാം ഒരടി അകലത്തിൽ നയീമാണ്.
ഗൾഫിലെത്തുന്ന സെലിബ്രിറ്റികളുടെ സുരക്ഷാ ചുമതലയുമായി 'ജെന്റൂർ സെക്യൂരിറ്റി" ഇപ്പോഴും സജീവമായുണ്ട്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള നയിം വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ ആഹ്ളാദത്തിലാണ്. ഇനിയുള്ള സുരക്ഷാ ചുമതല പൊലീസിനായതിനാൽ, നയിം മൂസ്സയുടെ റോൾ എന്തെന്ന് വ്യക്തമല്ല.