വിദേശ സന്ദർശനം നേട്ടമെന്ന് മോദി
ന്യൂഡൽഹി: യു.എ.ഇ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തിരിച്ചെത്തി. രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും മെച്ചപ്പെടുത്താൻ കഴിഞ്ഞതായി അദ്ദേഹം എക്സിൽ കുറിച്ചു. മേയ് 15ന് യു.എ.ഇയിൽ നിന്നാരംഭിച്ച സന്ദർശനം വ്യാഴാഴ്ച ഇറ്റലിയിൽ സമാപിച്ചു. യു.എ.ഇയുമായി ദീർഘകാല എൽ.പി.ജി വിതരണം, പെട്രോളിയം ശേഖരണം എന്നിവയ്ക്കുള്ള കരാറിൽ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ ക്രൂഡ് ഓയിൽ സംഭരണ ശേഷി 30 ദശലക്ഷം ബാരലായി വികസിപ്പിക്കാനുള്ള കരാറുമായി. നെതർലാൻഡ്സ് സന്ദർശന വേളയിൽ പ്രതിരോധ സഹകരണം, ഗ്രീൻ ഹൈഡ്രജൻ, നിർണായക ധാതുക്കൾ എന്നിവ ഉൾക്കൊള്ളുന്ന 17 കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയും സ്വീഡനും ഉഭയകക്ഷി ബന്ധങ്ങളെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി. യൂറോപ്യൻ റൗണ്ട് ടേബിൾ ചർച്ചയിലും മോദി പങ്കെടുത്തു. സ്വീഡന്റെ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ് അദ്ദേഹത്തിന് ലഭിച്ചു.
നോർവേയിൽ ഡെൻമാർക്ക്, നോർവേ, ഫിൻലാൻഡ്, ഐസ്ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി മൂന്നാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു. ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി വിപുലമായ ചർച്ചകൾ നടത്തിയെന്നും ഇന്ത്യ-ഇറ്റലി സഹകരണം പുതിയതലത്തിലെത്തുമെന്നും മോദി ചൂണ്ടിക്കാട്ടി.