@59 കന്യാകുമാരിക്ക് ഒടുവിൽ കോൺ. മന്ത്രി
നാഗർകോവിൽ: കോൺഗ്രസ് കോട്ടയെന്നറിയപ്പെടുന്ന കന്യാകുമാരിക്ക് 59 വർഷമെടുത്തു തമിഴ്നാട് മന്ത്രിസഭയിലിടം നേടാൻ. ടി.വി.കെയുടെ സഖ്യകക്ഷിയായതിനാലാണ് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചത്. അതിലൊന്ന് ലഭിച്ചത് കിള്ളിയൂർ മണ്ഡലം എം.എൽ.എയും കോൺഗ്രസ് നിയമസഭാ വിപ്പും അഭിഭാഷകനുമായ രാജേഷ് കുമാറിനാണ്. ഇന്നലെ രാവിലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും ഒപ്പമുണ്ടായിരുന്നു. ടൂറിസം വകുപ്പാണ് രാജേഷ് കുമാർ കൈകാര്യം ചെയ്യുക. കുളച്ചൽ എം.എൽ.എ താരകൈ കത്ബർട്ട് മന്ത്രിസ്ഥാനം ചോദിച്ചിരുന്നു.
കന്യാകുമാരിയിൽ നിന്ന് നാലുപേരാണ് ടി.വി.കെയെ പിന്തുണയ്ക്കുന്നത്. മൂന്ന് കോൺഗ്രസ് എം.എൽ.എമാരും ഒരു
സി.പി.എം എം.എൽ.എയും. 1957-62 കാലത്തെ കെ.കാമരാജ് മന്ത്രിസഭയിലാണ് കന്യാകുമാരിയിൽ നിന്ന് അവസാനമായി ഒരു കോൺഗ്രസ് മന്ത്രിയുണ്ടായത്. കുളച്ചൽ മണ്ഡലത്തിലെ എം.എൽ.എയായിരുന്ന ലൂർദ് അമ്മാൾ സൈമണായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണം, ഫിഷറീസ് വകുപ്പുകളാണ് വഹിച്ചിരുന്നത്. ഡി.എം.കെ - എ.ഡി.എം.കെ പാർട്ടികളുമായി സഖ്യത്തിലെത്തിയെങ്കിലും ഭരണം നൽകിയില്ല. എന്നാൽ ഇത്തവണ ടി.വി.കെ അവസരം നൽകി. കന്യാകുമാരിയിൽ വൻ വികസനമുണ്ടാകുമെന്നപ്രതീക്ഷയിലാണ് നാട്ടുകാർ.