ഡിസംബർ ആറിന് പാരീസ് വിമാനത്തിലും മൂത്രമൊഴിക്കൽ
ന്യൂഡൽഹി: ന്യൂയോർക്ക്-ഡൽഹി എയർഇന്ത്യാ വിമാനത്തിൽ നവംബറിൽ 70കാരിയായ യാത്രക്കാരിക്കുമേൽ മദ്യലഹരിയിൽ മറ്റൊരു യാത്രക്കാരൻ മൂത്രമൊഴിച്ചെന്ന സംഭവത്തിന് പിന്നാലെ ഡിസംബർ ആറിന് നടന്ന സമാന സംഭവവും പുറത്ത്.എയർഇന്ത്യയുടെ പാരീസ്-ഡൽഹി വിമാനത്തിലാണ് യാത്രക്കാരിയുടെ പുതപ്പിൽ മദ്യലഹരിയിൽ യാത്രക്കാരൻ മൂത്രമൊഴിച്ചത്.എന്നാൽ യാത്രക്കാരി പരാതിയില്ലെന്ന് അറിയിച്ചതിനാൽ ഇയാളെ വെറുതെ വിട്ടു.
ഡിസംബർ 6ന് വിമാനത്തിനുള്ളിലെ ഈ സംഭവം പൈലറ്റ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിൽ (എ.ടി.സി) റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പുരുഷയാത്രക്കാരനെ സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു.എന്നാൽ വിമാനത്താവളത്തിൽ വച്ച് ഇയാൾ പരസ്യമായി മാപ്പുപറഞ്ഞതോടെ യാത്രക്കാരി പരാതിയില്ലെന്ന് അധികൃതരെ അറിയിച്ചു. കേസെടുക്കേണ്ടതില്ലെന്ന് യാത്രക്കാരി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ,കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ വെറുതെ വിട്ടു.
എയർഇന്ത്യാ ജീവനക്കാർക്ക് ഡി.ജി.സി.എ നോട്ടീസ്
ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ 70കാരിക്കു മേൽ മൂത്രമൊഴിച്ച സഹായാത്രക്കാരനെതിരെ നടപടിയെടുക്കാതിരുന്നതിന് ജീവനക്കാർക്ക് സിവിൽ വ്യോമയാന ഡയറക്‌ടർ ജനറൽ കാരണം കാണിക്കൽ നോട്ടീസയച്ചു.മൂത്രമൊഴിച്ചത് മുംബയ് വ്യവസായിയായ ശങ്കർ മിശ്രയാണെന്ന് കണ്ടെത്തി.ഡൽഹി പൊലീസിന്റെ അറസ്റ്റു പേടിച്ച് ഒളിവിലാണിയാൾ.എയർഇന്ത്യാ അക്കൗണ്ടബിൾ മാനേജർ,ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർ,വിമാനത്തിലെ പൈലറ്റുമാർ,കാബിൻ ക്രൂ അംഗങ്ങൾ എന്നിവർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ രണ്ടാഴ്ചക്കകം വിശദീകരണം നല്കണമെന്ന് ഡി.ജി.സി.എ ആവശ്യപ്പെട്ടു.അതേസമയം ഇരുയാത്രക്കാരും ഒത്തുതീർപ്പിലെത്തിയെന്ന് മനസിലാക്കിയതിനാലാണ് നടപടിയെടുക്കാതിരുന്നതെന്നും എയർഇന്ത്യ വിശദീകരിച്ചു.
ശങ്കർമിശ്രയെ 30ദിവസത്തേയ്ക്ക് എയർഇന്ത്യയിൽ പറക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.എയർഇന്ത്യ നല്കിയ പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.ഉടൻ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |