ന്യൂഡൽഹി: അലക്ഷ്യമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുന്നത് കുറ്റകരമാകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ മൃഗങ്ങൾ ഇരയായ കേസുകൾക്ക് ബാധകമല്ലെന്ന് ബോംബെ ഹൈക്കോടതി. അലക്ഷ്യമായി വാഹനം ഓടിച്ച് തെരുവ് നായയെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സ്വിഗ്ഗി ജീവനക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെ അവരുടെ ഉടമസ്ഥർ കുടുംബാംഗമായി കാണുമെങ്കിലും ജീവശാസ്ത്ര പ്രകാരം അവ മനുഷ്യരല്ല. നിയമത്തിലെ 279(അലക്ഷ്യമായി വാഹനം ഓടിക്കൽ), 337(ജീവൻ അപായപ്പെടുത്തൽ) വകുപ്പുകൾ മനുഷ്യർക്കെതിരായ കുറ്റകൃത്യങ്ങൾക്കാണ് ബാധകമാകുന്നത്. മൃഗങ്ങൾക്കെതിരായ അക്രമങ്ങൾക്ക് ഈ വകുപ്പുകൾ ചുമത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെ, ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം പരാതികളിൽ കേസെടുക്കുമ്പോൾ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണം. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചയാൾക്ക് 20,000 രൂപ നൽകണം. കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും കുറ്റപത്രത്തിന് അംഗീകാരം നൽകിയവരിൽ നിന്നും ഈ തുക ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അപകടത്തിൽപ്പെട്ട
തെരുവ് നായക്ക് ഭക്ഷണം നല്കുകയായിരുന്ന വിദ്യാർത്ഥി നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. റോഡ് മുറിച്ച് കടന്ന നായയെ മനഃപൂർവം കൊലപ്പെടുത്താൻ സ്വിഗ്ഗി ജീവനക്കാരന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |