ന്യൂഡൽഹി: നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച പൊതുബഡ്ജറ്റ് അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതും സ്റ്റാർട്ടപ്പുകൾക്ക് ഊർജ്ജം പകരുന്നതുമാണ്. സെല്ലുകൾക്കുൾപ്പെടെ ഇറക്കുമതിച്ചുങ്കം കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും. റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി എന്ന റെക്കാഡ് തുകയാണ് നീക്കിവച്ചത്. യുവാക്കൾക്ക് തൊഴിൽ പരിശീലനം,വനിതകൾക്കായി സമ്പാദ്യ പദ്ധതി എന്നിവയും പ്രഖ്യാപിച്ചു. ബഡ്ജറ്റ് എ ടു ഇസഡ് ക്രമത്തിൽ നോക്കാം.
എ) അഗ്രികൾച്ചർ
കാർഷികമേഖലയ്ക്കുള്ള വായ്‌പാപരിധി 18 ലക്ഷം കോടി രൂപയിൽ നിന്ന് 20 ലക്ഷം കോടിയായി ഉയർത്തി
യുവസംരംഭകരെ ഉന്നമിട്ട് കാർഷിക സ്‌റ്റാർട്ടപ്പുകൾക്കായി അഗ്രികൾച്ചറൽ ആക്‌സിലറേറ്റർ ഫണ്ട്
ബി) ബാങ്കിംഗ്
റിസർവ് ബാങ്കിൽ നിന്ന് കേന്ദ്രം 2023-24ൽ പ്രതീക്ഷിക്കുന്ന ലാഭവിഹിതം 48,000 കോടി രൂപ. നടപ്പുവർഷം 40,953 കോടിയാണ്
സി) കോ-ഓപ്പറേറ്റീവ് സംഘം
മാനുഫാക്‌ചറിംഗ് മേഖലയിലെ പുതിയ സഹകരണസംഘങ്ങൾക്ക് നികുതിനിരക്ക് 15 ശതമാനം മാത്രം
ഡി) ഡിജിറ്റൽ ഇന്ത്യ
5ജി സേവനങ്ങൾക്കായുള്ള ആപ്ളിക്കേഷനുകൾ വികസിപ്പിക്കാൻ എൻജിനിയറിംഗ് കോളേജുകളിൽ 100ലാബുകൾ
ഇ) ഇലക്‌ട്രിക്
ലിഥിയം-അയോൺ സെല്ലുകൾക്കും മറ്റ് അസംസ്കൃതവസ്തുക്കൾക്കും ഇറക്കുമതിച്ചുങ്കം കുറയും
ഇലക്‌ട്രിക് വാഹനങ്ങൾ, ടിവി, മൊബൈൽഫോൺ എന്നിവയ്ക്ക് വില താഴും
എഫ്) ഫിഷറീസ്
മത്സ്യ സമ്പാദയോജനയ്ക്ക് ബഡ്‌ജറ്റിൽ 6,000 കോടി രൂപ വകയിരുത്തി. കേരളത്തിനും ഇത് വലിയ നേട്ടം
ജി) ഗോൾഡ്
സ്വർണം ഇലക്‌ട്രോണിക് ഗോൾഡ് റെസീറ്റാക്കി മാറ്റിയാൽ മൂലധന നേട്ട നികുതി ഈടാക്കില്ല
സ്വർണം, പ്ളാറ്റിനം മിശ്രിതകട്ടിക്കൾക്ക് സമാനമായി സിൽവർ കട്ടികളുടെയും ഇറക്കുമതിച്ചുങ്കം കൂട്ടി
എച്ച്) ഹെൽത്ത്കെയർ
ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 86,606 കോടി രൂപയിൽ നിന്ന് 88,956 കോടി രൂപയായി ഉയർത്തി
ഐ) ഇൻഫ്രാസ്‌ട്രക്‌ചർ
അടിസ്ഥാനസൗകര്യമേഖലയ്ക്ക് കുതിപ്പേകാനും തൊഴിലവസരങ്ങൾ ഉയർത്താനും ഉന്നമിട്ട് മൂലധനച്ചെലവ് 10 ലക്ഷം കോടി രൂപയായി ഉയർത്തി. നടപ്പുവർഷം 7.5 ലക്ഷം കോടി
ജെ) ജൻധൻ യോജന
പ്രധാനമന്ത്രി ജൻധൻ യോജനയിൽ 47.8 കോടി അക്കൗണ്ടുകൾ തുറന്നുവെന്ന് നിർമ്മല സീതാരാമൻ
കെ) കൈ.വൈ.സി
ഡിജിറ്റൽ ഇന്ത്യയ്ക്ക് കുതിപ്പേകാൻ കെ.വൈ.സി നടപടിക്രമങ്ങൾ ലളിതമാക്കും
എൽ) ലേഡീസ്
വനിതകൾക്കായി സേവിംഗ്‌സ് പദ്ധതി 7.5 ശതമാനം പലിശനിരക്കുള്ള മഹിളാ സമ്മാൻ സേവിംഗ്‌സ് പത്ര
എം) എം.എസ്.എം.ഇ
പദ്ധതിയിൽ ഈടുരഹിതമായി വിതരണം ചെയ്യുന്ന വായ്‌പയുടെ പരിധി 9,000 കോടി രൂപ കൂടി ചേർത്ത് 2 ലക്ഷം കോടി
എൻ) നഴ്‌സിംഗ്
157 നഴ്‌സിംഗ് കോളേജുകൾ തുടങ്ങും
ഒ) ഓൾഡ് ടാക്‌സ്
ബഡ്‌ജറ്റിൽ പഴയ നികുതി സ്ലാബുകളിൽ മാറ്റം വരുത്തുകയോ ഇളവുകൾ അനുവദിക്കുകയോ ചെയ്‌തില്ല
പി) ഫാർമ
സെന്റേഴ്‌സ് ഒഫ് എക്‌സലൻസ് വഴി ഫാർമമേഖലയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും
ക്യു) ക്വാളിറ്റി ഒഫ് ലൈഫ്
2014 മുതൽ ജനജീവിതം മികച്ചതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് നിർമ്മല. ആളോഹരിവരുമാനം ഇരട്ടിച്ച് 1.97 ലക്ഷം രൂപയായി
ആർ) റെയിൽവേ
റേയിൽവേക്കായി ബഡ്‌ജറ്റിൽ 2.4 ലക്ഷം കോടി രൂപ. ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നീക്കിയിരുപ്പ്
എസ്) സ്‌റ്റാർട്ടപ്പ്
ഇറക്കുമതിച്ചുങ്കത്തിൽ വിവിധോത്പന്നങ്ങൾക്ക് ഇളവ്. ഡിജിലോക്കർ, എ.ഐ സെന്റർ സൗകര്യങ്ങളും അഗ്രി സ്‌റ്റാർട്ടപ്പുകൾക്ക് ഫണ്ടും
ടി) ടൂറിസം
50 മേഖലകളെ ആഭ്യന്തര-അന്താരാഷ്‌ട്ര ടൂറിസത്തിന്റെ സമ്പൂർണ കേന്ദ്രങ്ങളാക്കി ഉയർത്തും
യു) അർബൻ ഫണ്ട്
10,000 കോടി രൂപയുടെ അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ട് രൂപീകരിക്കും
വി) വിവാദ് സെ വിശ്വാസ്
നികുതി കുടിശിക പിരിച്ചെടുക്കാനായി ഇളവുകൾ നൽകുന്ന വിവാസ് സെ വിശ്വാസിന്റെ 2.0 പ്രഖ്യാപിച്ചു
ഡബ്ളിയു) വർക്കിംഗ് ക്ലാസ്
വിരമിച്ച ജീവനക്കാർക്ക് ലീവ് കാശാക്കി മാറ്റുമ്പോൾ നികുതിയിളവ് നേടാവുന്ന തുക മൂന്നുലക്ഷം രൂപയിൽ നിന്ന് 25 ലക്ഷമാക്കി
എക്‌സ് : എക്‌സ്‌പെൻഡിച്ചർ കേന്ദ്രസർക്കാരിന്റെ മൂലധനച്ചെലവ് തുടർച്ചയായ മൂന്നാംവർഷവും ഉയർത്തി. 2023-24 ബഡ്‌ജറ്റിൽ ഇത് 33 ശതമാനം കൂട്ടി 10 ലക്ഷം കോടി രൂപയാക്കി.
വൈ) യൂത്ത്
കൗശൽ വികാസ് യോജനയിലൂടെ മൂന്നുവർഷത്തിനകം ലക്ഷക്കണക്കിന് യുവാക്കൾക്ക് വൈദഗ്ദ്ധ്യ പരിശീലനം
രാജ്യാന്തര അവസരങ്ങൾ ലഭ്യമാക്കാൻ 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ
ഇസഡ്) സീറോ എമിഷൻ
നെറ്റ് സീറോ കാർബൺ എമിഷൻ ലക്ഷ്യം നേടാനുള്ള പദ്ധതികൾക്കായി 35,000 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |