ശ്രീനഗർ: ജമ്മു കാശ്മീരിൽ ഉണ്ടായ വൻ ഹിമപാതത്തിൽ രണ്ട് പോളിഷ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. കുടുങ്ങിക്കിടന്ന 19 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു . ഗുൽമാർഗിലെ പ്രശസ്തമായ സ്കീ റിസോർട്ടിലെ അർഫത് കൊടുമുടിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. 21 വിദേശ സഞ്ചാരികളും രണ്ട് പ്രാദേശിക ഗൈഡുമാരുമുൾപ്പെടുന്ന മൂന്ന് സംഘങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തെന്നും നടപടി ക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്രിയെന്നും പൊലീസ് പറഞ്ഞു. രക്ഷപ്പെട്ടവരെ ഗുൽമാർഗിനടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സ്കൂ ചരിവുകൾക്ക് പേരു കേട്ടതും ശൈത്യകാലത്ത് നിരവധി വിനോദ സഞ്ചാരികൾ സന്ദർശിക്കുന്നതുമായ മേഖലയാണിത്.
ജനുവരി 29ന് ലഡാക്കിലുണ്ടായ ഹിമപാതത്തിൽപ്പെട്ട് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ജമ്മു കാശ്മീരിലെ ബനിഹാലിലെ റമ്പാൻ മേഖലയിൽ വൻ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ദേശീയ പാത 44ലെ ഗതാഗതം നിറുത്തിവച്ചു.
എന്താണ് ഹിമപാതം?
ജമ്മു കാശ്മീരിൽ തുടർച്ചയായി ഹിമപാതം ഉണ്ടാകുന്നുണ്ട്. എന്താണ് ഹിമപാതം.?
പെട്ടെന്നുണ്ടാകുന്ന മഞ്ഞ് പ്രവാഹമാണ് ഹിമപാതം. ചിലപ്പോൾ താഴേക്ക് സഞ്ചരിക്കുന്ന മഞ്ഞിനോടൊപ്പം ജലമോ വായുവോ കൂടിച്ചേരാറുണ്ട്. അതിശക്തമായ ഹിമപാതങ്ങൾക്ക് അവ സംഭവിക്കുന്ന പ്രദേശത്തെ പാറകളെയും മരങ്ങളെയും പിഴുതുമാറ്റാനുള്ള കഴിവുണ്ടാവും. ശക്തമായ ഉരുൾപൊട്ടലിനു സമാനം. വളരെയേറെ അളവിൽ അതിശക്തമായി വരുന്ന ഹിമപാതം മഞ്ഞുമൂടിക്കിടക്കുന്ന മലമ്പ്രദേശങ്ങളിലെ ജീവനും സ്വത്തിനും നാശം വരുത്തും. ശക്തിയേറിയ ശബ്ദത്തിനു പോലും ഹിമപാതം സൃഷ്ടിക്കുവാൻ കഴിയും. ശക്തിയേറിയ നിരവധി കമ്പനങ്ങൾ പർവതങ്ങളിൽ പ്രതിധ്വനിക്കുന്നതിലൂടെ ഹിമപാതം സംഭവിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |