അടുത്ത ആഴ്ചയോടെ പെട്രോൾ, ഡീസൽ വിലകൾ കൂടും‌‌? ഗ്യാസിന്റെ വിലയിലും ഉണ്ടാകും വർദ്ധന

Saturday 09 May 2026 8:44 AM IST

ന്യൂഡൽഹി: രാജ്യത്ത് മേയ് 15 ന് മുമ്പ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. പെട്രോൾ, ഡീസൽ വിലകൾക്കൊപ്പം വീട്ടിൽ ഉപയോഗിക്കുന്ന പാചക വാതകത്തിനും വില വർദ്ധിപ്പിച്ചേക്കും . പെട്രോൾ, ഡീസൽ വില ലി​റ്ററിന് 4-5 രൂപ വരെ ഉയരും. ഗാർഹിക എൽ പിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ എണ്ണവില വർദ്ധന ഉടനുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

ഇറാൻ യുദ്ധത്തിന് പിന്നാലെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. ക്രൂഡ് വില ഉയർന്നിട്ടും പെട്രോൾ-ഡീസൽ വിലകൾ കൂട്ടാത്തതിനാൽ നിലവിൽ രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ട്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താവും കേന്ദ്രത്തിന്റെ തീരുമാനമുണ്ടാവുക എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് അടുത്തിടെ വാണിജ്യ സിലിണ്ടറുകളുടെ വില വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് കാര്യമായി വിലകൂടിയിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകൂടി വർദ്ധിക്കുന്നതോടെ രാജ്യത്ത് വിലക്കയറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കും.