'ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ വില കുതിക്കും', ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ഇങ്ങനെ

Tuesday 28 April 2026 10:59 PM IST

ന്യൂഡല്‍ഹി: ഏപ്രില്‍ 29ന് ശേഷം രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 29-ന് ശേഷം പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ലാഭമുണ്ടാക്കിയെന്നും ഇപ്പോള്‍ അതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ വെക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുകയാണ്. ബാരലിന് 120 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. വലിയ അളവില്‍ വിദേശത്ത് നിന്നുള്ള ഇന്ധനത്തെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍ ഇത് വിലവര്‍ദ്ധനവിനുള്ള സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് പക്ഷേ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ തന്നെ വില വര്‍ദ്ധവിന്റെ സാദ്ധ്യതകള്‍ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും അന്ന് തന്നെ പെട്രോളിയം മന്ത്രാലയം ഈ വാദം തള്ളിയിരുന്നു. വില വര്‍ദ്ധിപ്പിക്കാന്‍ യാതൊരു നീക്കവുമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ വഞ്ചനാപരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ മാസങ്ങളായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആശങ്കപ്പെടാനുള്ള തരത്തില്‍ ഇന്ധന പ്രതിസന്ധി നേരിടുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.