കിരീടധാരണം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് തെരുവിൽ ജനത്തിന്റെ ശബ്‌ദം അടിച്ചമർത്തുന്നു, വിമർശിച്ച് കോൺഗ്രസ്
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെ അടിച്ചമർത്തിയ പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധ ശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കിരീട ധാരണം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് തെരുവിൽ ജനത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണെന്ന് ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ പങ്കുവച്ച് മറ്റൊരു ട്വീറ്റിൽ രാഹുൽ പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
राज्याभिषेक पूरा हुआ - 'अहंकारी राजा' सड़कों पर कुचल रहा जनता की आवाज़! pic.twitter.com/9hbEoKZeZs
— Rahul Gandhi (@RahulGandhi) May 28, 2023
संसद लोगों की आवाज़ है! प्रधानमंत्री संसद भवन के उद्घाटन को राज्याभिषेक समझ रहे हैं।— Rahul Gandhi (@RahulGandhi) May 28, 2023
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഗുസ്തിതാരങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയെ വിമർശിച്ചു. ഗുസ്തി താരങ്ങൾ നെഞ്ചിലണിഞ്ഞ മെഡൽ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാദ്ധ്വാനത്തിലൂടെ കായികതാരങ്ങൾ നേടിയെടുത്ത മെഡൽ രാജ്യത്തിന്റെ യശസുയർത്തി. വനിതാ താരങ്ങളുടെ ശബ്ദത്തെ യാതൊരു അനുകമ്പയുമില്ലാതെ ബൂട്ടുകൾക്കിടയിൽ ചവിട്ടി മെതിക്കുന്ന തരത്തിലേക്ക് ബി.ജെ.പി സർക്കാരിന്റെ ധാർഷ്ട്യം വളർന്നിരിക്കുന്നു. സർക്കാരിന്റെ ഈ ധാർഷ്ട്യവും അനീതിയും രാജ്യം മുഴുവൻ കാണുകയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
खिलाड़ियों की छाती पर लगे मेडल हमारे देश की शान होते हैं। उन मेडलों से, खिलाड़ियों की मेहनत से देश का मान बढ़ता है। भाजपा सरकार का अहंकार इतना बढ़ गया है कि सरकार हमारी महिला खिलाड़ियों की आवाजों को निर्ममता के साथ बूटों तले रौंद रही है। ये एकदम गलत है। पूरा देश सरकार के… pic.twitter.com/xjreCELXRN
— Priyanka Gandhi Vadra (@priyankagandhi) May 28, 2023
ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്തിതാരങ്ങൾ മഹിളാ സമ്മാൻ മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇവിടേക്ക് പ്രതിഷേധ മാർച്ച് നടത്തിയ താരങ്ങൾ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. താരങ്ങളെ പൊലീസ് വലിച്ചിഴക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലൈംഗികാതിക്രമ പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ തത് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്നത്.