
ന്യൂഡൽഹി: ജൂലായ് വരെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. കുതിച്ചുയരുന്ന ഇന്ധനവിലയും പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്താണ് നൂറോളം സർവീസുകൾ റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
യുദ്ധസംഘർഷങ്ങൾ കാരണം അനേകം അന്താരാഷ്ട്ര വിമാനങ്ങൾ എയർ ഇന്ത്യക്ക് വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതുകാരണം ഇന്ധന ഉപയോഗം വർദ്ധിച്ചു. ഇതിന്റെ ഫലമായി പ്രവർത്തന ചെലവ് വർദ്ധനവും കമ്പനിക്ക് നേരിടേണ്ടതായി വന്നു. ഇക്കാരണങ്ങളാൽ ജൂലായ് വരെ സർവീസുകൾ റദ്ദാക്കാതെ മറ്റുവഴിയില്ലെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംപെൽ വിൽസൺ പറഞ്ഞു.
പുതിയ തീരുമാനത്തിൽ യാത്രക്കാരോടും ജീവനക്കാരോടും കാംപെൽ ക്ഷമ ചോദിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിക്കുകയും ഹോർമുസ് തുറക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേയ്ക്ക് എത്താൻ കഴിയുമെന്ന് കാംപെൽ പ്രതീക്ഷ പങ്കുവച്ചു.
ദിനംപ്രതി 1100 സർവീസുകൾ നടത്തുന്ന വിമാനക്കമ്പനി യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ജെറ്റ് ഇന്ധന വില ബാരലിന് 179.46 ഡോളറായി ഉയർന്നു. ഫെബ്രുവരി അവസാനം 99.40 ഡോളറിൽ നിന്ന് 80 ശതമാനം വർദ്ധനവാണുണ്ടായത്. വ്യാഴാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |