'സർക്കാരിന്റെ പരാജയങ്ങൾക്ക്  ജനം ത്യാഗം ചെയ്യണോ?'; ‌മോദിയുടെ നി‌ർദേശങ്ങളിൽ വിമർശനവുമായി രാഹുൽ ഗാന്ധി

Monday 11 May 2026 2:21 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പൗരന്മാ‌ർക്ക് നി‌ർദേശങ്ങൾ നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമ‌ർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മുന്നോട്ടുവച്ച നി‌ർദേശങ്ങൾ ഭരണപരാജയത്തിന്റെ തെളിവാണെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

സാമ്പത്തിക സമ്മർദ്ദത്തിന് മുന്നിൽ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും പകച്ച് നിൽക്കുകയാണെന്നും സർക്കാരിന്റെ വീഴ്ചകൾ പരിഹരിക്കാൻ ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

'സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽനിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു'- രാഹുൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

അതേസമയം , കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തുവന്നു. യുദ്ധം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തിൽ മോദി അഭ്യർത്ഥിച്ചത്. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കാൻ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.