ഓടിക്കൊണ്ടിരുന്ന  ട്രെയിനിൽ യുവതിക്ക് സുഖപ്രസവം; രക്ഷകരായത് റെയിൽവെ പൊലീസും  യാത്രക്കാരും

Tuesday 12 May 2026 11:39 AM IST

അഹല്യാനഗർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം. പൂനെ-സുപൗൾ എക്സ്പ്രസിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റെയിൽവെ പൊലീസിന്റെയും (ആർപിഎഫ്) സഹയാത്രികരുടെയും സമയോചിത ഇടപെടലിലാണ് യുവതിക്ക് സുഖപ്രസവം ഉണ്ടായത്. ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.

ഉത്തർപ്രദേശ് സ്വദേശിനി റുക്സാന ഖാത്തൂനും (28) ഭർത്താവ് ജമീൽ ബെലവാറും പൂനെയിൽ നിന്ന് ബീഹാറിലേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ അഹല്യാനഗർ സ്റ്റേഷനോട് അടുക്കുമ്പോഴാണ് റുക്സാനയ്ക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. തിരക്കേറിയ ജനറൽ കോച്ചിൽ യുവതി അവശയായതോടെ യാത്രക്കാർ റെയിൽവെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ച ഉടൻ തന്നെ കേന്ദ്ര റെയിൽവെ 'ഓപ്പറേഷൻ മാതൃശക്തി' വിഭാഗത്തെ സജ്ജമാക്കി നിർത്തി. ആർപിഎഫ് ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ യുവതി ഇരുന്ന കോച്ചിലെത്തി. ആശുപത്രിയിലേക്ക് മാറ്റാൻ സമയം ഇല്ലാതിരുന്നതുകൊണ്ട് ട്രെയിനിൽ വച്ച് തന്നെ പ്രസവം നടത്താൻ അധികൃതർ തീരുമാനിച്ചു.

ആർപിഎഫ് ഉദ്യോഗസ്ഥരും കോച്ചിലെ മറ്റു വനിതാ യാത്രക്കാരും ചേർന്ന് തുണികൾ ഉപയോഗിച്ച് മറയുണ്ടാക്കി പ്രസവത്തിന് ആവശ്യമായ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയായിരുന്നു. വൈകാതെ തന്നെ റുക്സാന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആശങ്കയോടെ നോക്കിനിന്ന സഹയാത്രികർക്ക് കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോഴാണ് ആശ്വാസമായത്.

ട്രെയിൻ അഹല്യാനഗർ സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ റെയിൽവെ അധികൃതർ 108 ആംബുലൻസും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇരുവരും പൂർണ ആരോഗ്യത്തോടെ കഴിയുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. റെയിൽവെ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ പരിശ്രമത്തെയും ആർപിഎഫിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെയും റെയിൽവെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.