ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണർ സ്ഥാനത്തുനിന്ന് മാറ്റി. ബിജെപി നേതാവായ അശോക് ഗജപതി രാജുവാണ് ഗോവയുടെ പുതിയ ഗവർണർ. ചെന്നൈ സ്വദേശിയായ ഇദ്ദേഹം മുൻ സിവിൽ വ്യോമയാന മന്ത്രി കൂടിയാണ്. ശ്രീധരൻ പിള്ള കാലാവധി പൂർത്തിയാക്കിയിരുന്നു. നിലവിൽ ശ്രീധരൻ പിളളയ്ക്ക് മറ്റ് നിയമനങ്ങളൊന്നും നൽകിയിട്ടില്ല. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്.
നിലവിൽ മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയിട്ടുണ്ട്. ലഡാക്കിൽ ബി ഡി മിശ്ര രാജിവച്ച ഒഴിവിൽ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ഹാഷിം കുമാർ ഘോഷാണ് ഹരിയാനയിലെ പുതിയ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലായിലാണ് ഗോവ ഗവർണറായത്.
25 വർഷത്തിലേറെയായി ആന്ധ്രാപ്രദേശ് നിയമസഭാംഗമായിരുന്നു അശോക് ഗജപതി രാജു. 13 വർഷം ആന്ധ്രാപ്രദേശ് സർക്കാറിൽ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. വാണിജ്യ നികുതി, എക്സൈസ്, നിയമനിർമാണ കാര്യം, ധനകാര്യം, ആസൂത്രണം, റവന്യൂ എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. 1978ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. വിജയനഗരം വിധാൻ സഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1982ൽ തെലുങ്കുദേശം പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേരുകയും 1983, 1985, 1989, 1994, 1999, 2009 വർഷങ്ങളിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു. 2014ൽ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സുനില ഗജപതി രാജുവാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |