ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. സൈനിക നടപടിക്ക് മുൻപ് സേനയുടെ മനോവീര്യം തകർക്കുകയാണോ ലക്ഷ്യമെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. കാശ്‌മീർ സ്വദേശികളായ ഫതേഷ് കുമാർ സാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണമെന്ന് കോടതി ഹർജിക്കാരോട് പറഞ്ഞു. ഭീകരാക്രമണ കേസുകളിലെ അന്വേഷണത്തിന് ജഡ്‌ജിമാർക്ക് വൈദഗ്ദ്ധ്യമില്ല. അത്തരം ഹർജികൾ നൽകി സേനയുടെ മനോവീര്യം തകർക്കരുത്. ഇത്തരം കാര്യങ്ങളിൽ പൊതുതാത്‌പര്യ ഹർജി നൽകും മുൻപ് അൽപം ഉത്തരവാദിത്തം കാണിക്കണം. ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജിക്കാർ തന്നെ ഹർജി പിൻവലിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കർമ്മ പദ്ധതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിലുള്ള കാശ്‌മീരി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഹർജി സമർപ്പിച്ചതെന്നാണ് ഹർജിക്കാർ കോടതിയോട് പറഞ്ഞത്. പഹൽഗാം ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ കാശ്‌മീരി വിദ്യാർത്ഥികളോട് പ്രതികാരം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |