ഇനി സിഎം വിജയ്: ​ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടി,​ സത്യപ്രതിജ്ഞ നാളെ?​

Wednesday 06 May 2026 4:17 PM IST

​​​​​

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ നേരിൽകണ്ട് തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി. രാജ്ഭവനിലെത്തിയാണ് വിജയ് ​ഗവർണറെ കണ്ടത്. കൂടികാഴ്ചയിൽ വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ട്. വിജയ്‌ക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 34 മന്ത്രിമാരാണുള്ളത്. കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നും സൂചനകളുണ്ട്. സ്ഥാനാർത്ഥി പട്ടികയിലെതിന് സമാനമായി ഓട്ടോ തൊഴിലാളികൾ, ദളിത് വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മന്ത്രിസഭയിലും അർഹമായ പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ടിവികെ. ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഡിഎംകെ - കോൺഗ്രസ് സഖ്യത്തിന് അവസാനമാകുകയാണ്. കൂടാതെ, എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാരും വിജയ് യെ പിന്തുണയ്ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.