
കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ഒരു വർഷത്തിനിടെ നാലുപേരെ കൊല്ലുകയും നിരവധി പേരെ ഉപദ്രവിക്കുകയും ചെയ്‌ത കാട്ടാന 'റോളക്‌സ്' ചരിഞ്ഞു. കഴിഞ്ഞ മാസം കോയമ്പത്തൂരിൽ നിന്നും മിഷനിലൂടെ പിടികൂടി ആനമല കടുവ സങ്കേതത്തിൽ എത്തിച്ച ആന അവിടെവച്ചാണ് ചരിഞ്ഞത്. നാല് ആനകൾ ചേർന്നാണ് ആനയെ മുൻപ് പിടികൂടിയത്.
ഒരു വർഷത്തിനിടെ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്‌ത റോളക്‌സ് നാലുപേരെ കൊന്നിട്ടുണ്ട്. ഇതോടെ നാട്ടുകാർ ആനയെ മയക്കുവെടി വച്ച് പിടിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടു. സെപ്‌തംബർ മാസത്തിൽ തന്നെ റോളക്‌സിനെ പിടികൂടാൻ തമിഴ്‌നാട് വനംവകുപ്പ് നടപടിയെടുത്തിരുന്നു. എന്നാൽ അന്ന് ആനമല കടുവ സങ്കേതത്തിലെ വെറ്റനറി ഓഫീസറായ വിജയരാഘവനെ ആന ആക്രമിച്ചതോടെ മിഷൻ നിർത്തി.
ഇതിനുശേഷം കഴിഞ്ഞമാസം കപിൽദേവ്, ബൊമ്മൻ, വസീം, ചിന്നത്തമ്പി എന്നീ താപ്പാനകളെ ഉപയോഗിച്ച് പിസിസിഎഫ് വെങ്കടേശന്റെ നേതൃത്വത്തിൽ മിഷനിൽ ആനയെ പിടികൂടുകയായിരുന്നു. മനുഷ്യരെ കാണുമ്പോൾ ആക്രമിക്കുന്നതിന് ഓടിയടുക്കുന്നതായിരുന്നു റോളക്‌സിന്റെ സ്വഭാവം. ഇന്ന് ആനമലയിൽ ചരിഞ്ഞ നിലയിൽ ആനയെ കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |