ഹോട്ടലുകളിലും ടീം ബസുകളിലും താരങ്ങൾക്കൊപ്പം കാമുകിമാർ: നിയന്ത്രിക്കാനൊരുങ്ങി ബിസിസിഐ
മുംബയ്: ഐപിഎൽ മത്സരങ്ങളിൽ താരങ്ങൾ കാമുകിമാരെ ഒപ്പം കൂട്ടുന്നതിന് പരിധി കൽപ്പിക്കാൻ ബി.സി.സി.ഐയുടെ നീക്കം. മുംബയ് ഇന്ത്യൻസിലെ ഹാർദിക് പാണ്ഡ്യ, രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്‌സ്വാൾ, സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷൻ, പഞ്ചാബ് കിങ്‌സിന്റെ അർഷ്ദീപ് സിങ് തുടങ്ങിയ താരങ്ങൾ കാമുകിമാരുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബി.സി.സി.ഐ നടപടിക്കൊരുങ്ങുന്നത്. ഹോട്ടലുകളിലും ടീം ബസുകളിലുമെല്ലാം കാമുകിമാർ താരങ്ങൾക്കൊപ്പം അനുഗമിക്കുന്നതിനെതിരെ ആരാധകർക്കിടയിലടക്കം വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്നാണ് അച്ചടക്കം കർശനമാക്കുന്ന കാര്യത്തിൽ നടപടി സ്വീകരിച്ചത്.
ചില താരങ്ങളുടെ കാമുകിമാർ സമൂഹമാദ്ധ്യമങ്ങളിലെ ഇൻഫ്ളൂവൻസർമാർ കൂടിയാണ്. തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ക്രിക്കറ്റ് താരങ്ങളുടെ കാമുകിയെന്ന പദവി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ബി.സി.സി.ഐ നിരീക്ഷിച്ചിരുന്നു. ബി.സി.സി.ഐയുടെ നിയമങ്ങൾ പ്രകാരം ഭാര്യമാർക്ക് താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവാദമുണ്ട്. എന്നാൽ, കാമുകിമാർക്ക് ഈ പരിഗണന നൽകിയിട്ടില്ല.
ഐപിഎൽ താരങ്ങളിൽ പലരും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്. ഇത്തരം പ്രവണത ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾ ഉണ്ടാക്കാനിടയുണ്ട്. അതിനാൽ താരങ്ങളുടെ കാമുകിമാർക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് സാദ്ധ്യത. ബി.സി.സി.ഐയുടെ അടുത്ത യോഗത്തിൽ വിഷയം പരിശോധിച്ച ശേഷം ഔദ്യോഗികമായി പ്രതികരിച്ചേക്കുമെന്നാണ് സൂചന.