SignIn
Kerala Kaumudi Online
Saturday, 27 June 2026 3.51 PM IST

ബൈക്ക് ഓടിക്കുന്നതിനിടെ ക്രൂരമർദ്ദനം; മുടിയിൽ കുത്തിപ്പിടിച്ചിട്ടും പ്രതികരിക്കാതെ യുവതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

viral-video

ഭുവനേശ്വർ: ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. ഒരു കൈകൊണ്ട് ബൈക്ക് ഓടിക്കുമ്പോൾ മറുകൈ കൊണ്ട് പിന്നിലിരുന്ന യുവതിയെ യുവാവ് മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തരുൺ ഗൗതം എന്നയാളാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

'പൊതുസ്ഥലത്ത് ഇത്രയും ക്രൂരമായി ഇയാൾ മർദ്ദിക്കുന്നുണ്ടെങ്കിൽ, വീട്ടിൽ ആ യുവതിയോട് ഇയാൾ എന്തൊക്കെ ചെയ്യുന്നുണ്ടാകുമെന്ന് സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മർദ്ദനമേൽക്കുമ്പോഴും യുവതി പ്രതികരിക്കാതിരിക്കുന്നത് അവർ നിരന്തരം ഇത്തരം പീഡനങ്ങൾ നേരിടുന്നുണ്ടാകാമെന്ന് പലരും അഭിപ്രായപ്പെട്ടു.


വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് യുവതിയെ മർദ്ദിക്കുന്നയാൾക്കെതിരെ ഉയർന്നത്. 'ഇത് ആ യുവതിയുടെ ജീവിതത്തിൽ പതിവായി നടക്കുന്ന കാര്യമായിരിക്കണം, അതുകൊണ്ടാണ് അവർ പ്രതികരിക്കാത്തത്. ഇയാൾക്ക് തക്കതായ ശിക്ഷ ലഭിക്കണം'- ഒരു വിഭാഗം വാദിച്ചു. എന്തുകൊണ്ടാണ് സ്ത്രീകൾ ഇത്തരം പീഡനങ്ങളൊക്കെ സഹിച്ച് അവിടെത്തന്നെ തുടരുന്നതെന്ന് പലരെയും അത്ഭുതപ്പെടുത്തി. ഭയമോ, സാമ്പത്തിക ഭദ്രതയോ അല്ലെങ്കിൽ സ്‌നേഹക്കൂടുതലോ ആകാം എല്ലാം സഹിക്കുന്നതിന് പിന്നിലെന്ന് ചിലർ നിരീക്ഷിച്ചു.

ഇത്തരം സംഭവങ്ങൾ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്നത് യൂട്യൂബർമാരുടെ വരുമാന മാർഗമായി മാറുന്നുണ്ടോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു. അതേസമയം,​ ദൃശ്യങ്ങളില്ലെങ്കിൽ പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിയില്ലെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. ഒഡീഷ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRALNEWS, BHUVANESHWAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360